നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്‌ട്രപതി, 'കേന്ദ്രത്തിന്റേത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസിത ഇന്ത്യ'

Thursday 29 January 2026 1:32 AM IST

ന്യൂഡൽഹി: സാമൂഹിക നീതിയിലധിഷ്ഠിതമായ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസിത ഇന്ത്യയാണ് കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്‌ട്രപതി. കേന്ദ്ര സർക്കാർ സാമൂഹിക നീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അംബേദ്കർ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സമത്വത്തിനും സാമൂഹിക നീതിക്കും മൂല്യങ്ങൾക്കും നിരന്തരം ഊന്നൽ നൽകിുന്നു. ഓരോ പൗരനും വിവേചനമില്ലാതെ അവരുടെ പൂർണ അവകാശങ്ങൾ ലഭിക്കണം. എന്റെ സർക്കാർ യഥാർത്ഥ നീതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. തത്ഫലമായി, കഴിഞ്ഞ ദശകത്തിൽ ഏകദേശം 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.

ദളിതർക്കും പിന്നാക്കക്കാർക്കും ഗോത്രവർഗക്കാർക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. 'സബ്കാ സാത്ത് സബ്കാ വികാസ്' എല്ലാവരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. 2014ന്റെ തുടക്കത്തിൽ സാമൂഹിക സുരക്ഷാ പദ്ധതികൾ വെറും 25 കോടി പൗരന്മാരിലേക്ക് മാത്രമാണ് എത്തിയത്. ഇന്ന് ഏകദേശം 95 കോടി പേർക്ക് ലഭ്യമാകുന്നു. ഈ വർഷം 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങൾ വിവിധ മേഖലകളിൽ ശക്തമായ അടിത്തറ പാകി- മുർമു പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന വിബി-ജി റാം ജി നിയമത്തെക്കുറിച്ച് രാഷ്ട്രപതി പരാമർശിച്ചത് പ്രതിപക്ഷത്ത് കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പിനിടയാക്കി. നിയമത്തിലെ വ്യവസ്ഥകളെ രാഷ്‌ട്രപതി പ്രശംസിച്ചപ്പോൾ ഭരണപക്ഷം മേശയിലടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷ എം.പിമാർ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

ഗ്രാമീണ മേഖലയിലെ തൊഴിലിനും വികസനത്തിനുമായാണ് നിയമമെന്ന് രാഷ്‌ട്രപതി പറഞ്ഞു

പാർലമെന്റിൽ എത്തിയ രാഷ്ട്രപതിക്ക് ഗാർഡ് ഒഫ് ഓണർ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ പ്രസംഗത്തിൽ പങ്കെടുത്തു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സാമ്പത്തിക സർവേ അവതരിപ്പിക്കും.