വിവാഹാഭ്യർത്ഥന നിരസിച്ചു, മുൻ കാമുകിയെ വെട്ടിനുറുക്കി കനാലിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

Thursday 29 January 2026 12:37 AM IST

ലക്‌നൗ: ഉത്തർപ്രദേശിൽ മുൻ കാമുകിയ കൊന്ന് വെട്ടിനുറുക്കി ചാക്കിലാക്കി കനാലിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ മാനേജരായിരുന്ന മിങ്കി ശർമ്മയാണ് (30) കൊല്ലപ്പെട്ടത്. അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ്‌യാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ 24നാണ് സംഭവം. മിങ്കിയും വിനയ്‌യും നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇടയ്ക്കുവച്ച് ഇരുവരും തർക്കമുണ്ടാകുകയും വിനയ്‌യുടെ വിവാഹാഭ്യർത്ഥന മിങ്കി നിരസിക്കുകയും ചെയ്തു. ഇതോടെ വാക്കുതർക്കം പതിവായി. 24ന് വിനയ് മിങ്കിയുടെ കഴുത്തിലുൾപ്പെടെ കത്തികൊണ്ട് പല തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു. തല അറുത്തെടുത്ത് മറ്റൊരു ചാക്കിൽ സൂക്ഷിച്ചു. ഒരു ചാക്ക് കനാലിൽ തള്ളി. മറ്റൊരു ചാക്ക് യമുനയിൽ എറിയാനെത്തിയെങ്കിലും അത് പാലത്തിൽ വച്ച ശേഷം വിനയ് രക്ഷപ്പെടുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മിങ്കിയുടെ തലയ്ക്കായുള്ള തെരച്ചിൽ ആരംഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും സ്‌കൂട്ടർ, വസ്ത്രങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.