സ്വർണവില കുതിച്ചപ്പോൾ മാലപൊട്ടിക്കൽ വ്യാപകം

Wednesday 28 January 2026 11:57 PM IST

ആലപ്പുഴ: റെക്കാഡുകൾ ഭേദിച്ച് സ്വർണവില കുതിച്ചുയരുമ്പോൾ അതിനൊത്ത് പെരുകുകയാണ് മോഷണങ്ങളും.

ഉത്സവസീസൺ തുടങ്ങിയതോടെ ആൾത്തിരക്കുള്ള ഇടങ്ങളിലെല്ലാം മോഷ്ടാക്കൾ വിലസുകയാണ്. കഴിഞ്ഞദിവസം പ്രധാന ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നതിനിടെ മൂന്നിടങ്ങളിലാണ് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്.

കൊടിയേറ്റ് കണ്ട് മടങ്ങുകയായിരുന്ന 75കാരിയുടെ ഒരു പവന്റെ മാല ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയ യുവാവ് ദേഹോപദ്രവം ഏൽപ്പിച്ച ശേഷം പൊട്ടിച്ചെടുത്തു. സമാനരീതിയിലാണ് 65 കാരിക്ക് രണ്ട് പവന്റെ മാലയും 54കാരിക്ക് ഒന്നരപ്പവന്റെ മാലയും നഷ്ടമായത്. ഇവർ മൂവരും പ്രതിയെക്കുറിച്ച് ഒരേ രീതിയിലുള്ള അടയാളങ്ങളാണ് നൽകിയത്. എല്ലാ സംഭവങ്ങളും രാത്രി 8നും 9നും മദ്ധ്യേയാണ് നടന്നത്. അതുകൊണ്ടുതന്നെ,​ മൂന്ന് മോഷണങ്ങൾക്ക് പിന്നിലും ഒരേ ആളാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

ഹരിപ്പാട് കരുവാറ്റ മഞ്ജുളയത്ത് ദേവീക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. കുമാരപുരം തമല്ലാക്കൽ ചിറയിൽ കിഴക്കത്തിൽ വീട്ടിൽ മധുവിനെയാണ് (50) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്ക് പോയ ശേഷം മടങ്ങുകയായിരുന്ന 62കാരിയുടെ മാല സൈക്കിളിൽ വന്ന മധു പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ചു.

മുഴുവൻ വേണ്ട,​ തരിയായാലും മതി !

1. സ്വർണവില കുതിച്ചുയർന്നതോടെ ആഭരണങ്ങൾ തന്നെ ഇപ്പോൾ വേണമെന്നില്ല,​ ചെറിയൊരു തരിയായാലും മതി

2..റോൾഡ് ഗോൾഡ് ആണല്ലോ എന്ന ധൈര്യത്തിലും പുറത്തിറങ്ങാൻ വയ്യ.സ്വർണമെന്ന് കരുതി ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാം

3. നൈറ്റ് പട്രോളിംഗ് ഉൾപ്പടെയുണ്ടെങ്കിലും മോഷണം ഫലപ്രദമായി തടയാൻ പൊതുജനങ്ങളുടെ സഹകരണം കൂടി ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത് 4. ഉത്സവംപോലുള്ള ആൾക്കൂട്ട ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കണം

അപരിചിതരെ സൂക്ഷിക്കുക

വീട്ടുപരിസരങ്ങളിൽ അപരിചിതരെ കണ്ടാൽ ഫോട്ടോ എടുക്കുകയും, സന്ദേശം റെസിഡ‌ന്റ്സ് അസോസിയേഷൻ, ജനപ്രതിനിധി എന്നിവർക്ക് കൈമാറുകയും ചെയ്യുക. .രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ വാതിൽ തുറക്കരുത് പകരം ഫോൺ വഴി അയൽക്കാരുടെ സഹായം തേടുക.വീടിന് ചുറ്റം വെളിച്ചം ക്രമീകരിക്കണം

ആപത്ഘട്ടങ്ങളിൽ

വിളിക്കാം : 112