കായലിൽ വീണ ഒന്നാംക്ലാസുകാരിയ്ക്ക് രക്ഷകരായി ബോട്ട് ജീവനക്കാർ

Wednesday 28 January 2026 11:58 PM IST

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിൽ കയറുന്നതിനിടെ കാൽ വഴുതി കായലിൽ വീണ വിദ്യാർത്ഥിനിയെ ജീവനക്കാർ രക്ഷപ്പെടുത്തി. കൈനകരി കാർമൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ജിഫ മരിയ തോമസിനെയാണ് ബോട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാസ്‌കർമാരായ ശെൽവരാജ്, ജയലാൽ എന്നിവർ രക്ഷിച്ചത്. ഇന്നലെ രാവിലെ 7.50ഓടെ എൺപതിൽ ചിറ ജെട്ടിയിലായിരുന്നു സംഭവം.

ആലപ്പുഴ-ആയിരവേലി വഴി സർവീസ് നടത്തുന്ന എസ്- 40 ബോട്ട് യാത്രക്കാരെ കയറ്റിയിറക്കാനായി എൺപതിൽ ചിറ ജെട്ടിയിൽ അടുത്തപ്പോൾ അമ്മയുടെ കൈപിടിച്ച് കയറുന്നതിനിടെ ജിഫ മരിയ തോമസ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കായലിൽ താഴ്ന്നുപോയ കുട്ടിയെ ശെൽവരാജും ജയലാലും ചേർന്ന് ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഇരുവർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ നാട്ടുകാരും മറ്റു ജീവനക്കാരും ചേർന്ന് ആദ്യം ചമ്പക്കുളം താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകളൊന്നുമില്ല. കുട്ടനാട്ടിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളായിരുന്നു ബോട്ടിലെ യാത്രക്കാരിലധികവും.

രക്ഷാപ്രവർത്തനത്തിൽ ബോട്ട് മാസ്റ്റർ മിഥുൻ പി. മോഹൻ, സ്രാങ്ക് ജെ.അഷറഫ്, ഡ്രൈവർ വൈശാഖ് എന്നിവരും പങ്കാളികളായി. ജീവനക്കാരെ ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി.നായർ അഭിനന്ദിച്ചു. ചങ്ങനാശ്ശേരി മേഖല സീനിയർ സൂപ്രണ്ട് കെ പി ഹരികുമാർ, നെടുമുടി സ്റ്റേഷൻ മാസ്റ്റർ എ.മനാഫ് എന്നിവരും അഭിനന്ദനം അറിയിച്ചു.