ആനപ്പാറ കാരിക്കുന്ന് ശുദ്ധജലപദ്ധതി യാഥാർത്ഥ്യമായി
വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ കാരിക്കുന്ന് ലക്ഷംവീട് മേഖലയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി. പ്രദേശത്തെ കുടിനീർക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി പൂർത്തീകരിക്കുകയും ശുദ്ധജലവിതരണം ആരംഭിക്കുകയും ചെയ്തു. വേനൽക്കാലത്ത് പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടാറുണ്ട്. മേഖലയിലെ കിണറുകൾ വറ്റിവരളുകയും നാട്ടുകാർ ശുദ്ധജലത്തിനായി പരക്കം പായുകയും ചെയ്യും. മിക്കപ്പോഴും വാമനപുരം നദിയെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. കുടിനീരിനായി നിവേദനങ്ങൾ നൽകിമടുത്തു. അനവധി തവണ സമരവും നടത്തിയിട്ടുണ്ട്. നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ആനപ്പാറ വാർഡ് മെമ്പറായിരുന്ന വിഷ്ണു ആനപ്പാറ അടിയന്തരമായി പ്രശ്നത്തിൽ ബന്ധപ്പെടുകയായിരുന്നു. 2025-26 വാർഷികപദ്ധയിലുൾപ്പെടുത്തി 2ലക്ഷംരൂപ ഫണ്ട് അനുവദിച്ച് പ്രദേശത്തെ കിണർ വൃത്തിയാക്കി ശുദ്ധജലവിതരണം ആരംഭിച്ചു.
നന്ദി രേഖപ്പെടുത്തി
ആനപ്പാറ കാരിക്കുന്ന് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ച ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു ആനപ്പാറക്ക് കാരിക്കുന്ന് ലക്ഷംവീട് നിവാസികൾ നന്ദി രേഖപ്പെടുത്തി.