ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്ത് ജി സ്പൈഡർ റോബോട്ട്
തിരുവനന്തപുരം: ആമയിഴഞ്ചാൻതോടിന് ഇനി ശാപമോക്ഷം. എ.ഐ അധിഷ്ഠിത റോബോട്ടായ ജി സ്പൈഡർ തോട്ടിലെ മാലിന്യം നീക്കിത്തുടങ്ങി. റോബോട്ടിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
നഗരത്തിലെ മാലിന്യനീക്കത്തിൽ പ്രതിസന്ധിയായി നിന്നിരുന്ന ആമയിഴഞ്ചാൻ തോടിന്റെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മാലിന്യം നീക്കംചെയ്യാൻ എ.ഐ റോബോട്ടിക് സംവിധാനം വരുന്നെന്ന് കേരള കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നാണ് ഇന്നലെ നഗരസഭ ഇത് കമ്മീഷൻ ചെയ്തത്. ഉദ്ഘാടനച്ചടങ്ങിൽ മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.റെയിൽവേ സ്റ്റേഷൻ പരിസരത്തെ തോട്ടിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും അപകടസാദ്ധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കംചെയ്യുകയാണ് പ്രധാന ലക്ഷ്യം.
മുൻപ് ഇവിടെ വൃത്തിയാക്കുന്നതിനിടയിൽ ശുചീകരണ തൊഴിലാളിയായ ജോയിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിനുശേഷമാണ് ഇത്തരം ഒരു യന്ത്രവത്കരണ സംവിധാനം കൊണ്ടുവരണമെന്ന ആശയം നഗരസഭയെടുക്കുന്നത്.
റെയിൽവേ സ്റ്റേഷൻ പ്രവേശനകവാടം മുതൽ ഏകദേശം 15 മീറ്റർവരെ വൃത്തിയാക്കാൻ റോബോട്ടിലൂടെ സാധിക്കും.നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ മാലിന്യനിർമാർജനമാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.ജി സ്പൈഡറിലെ ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മാലിന്യങ്ങൾ കൃത്യമായി കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കുമെന്ന് ഇവർ പറഞ്ഞു.