കോർപ്പറേഷനിൽ അഴിച്ചുപണി, ഇടത് നേതാക്കൾ തെറിച്ചു

Thursday 29 January 2026 2:25 AM IST

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ ജീവനക്കാരുടെ അഴിച്ചുപണി തുടങ്ങി. വർഷങ്ങളായി കോർപ്പറേഷൻ മെയിൻ ഓഫീസിൽ പ്രവർത്തിക്കുന്ന ഇടത് നേതാക്കളെ സോണൽ ഓഫീസുകളിലേക്ക് മാറ്റിയാണ് ആദ്യപട്ടിക പുറത്തിറക്കിയത്. മെയിൻ ഓഫീസിലെ നാലുപേരെയാണ് വർക്കിംഗ് അറേഞ്ച്മെന്റിന്റെ പേരിൽ പുനഃക്രമീകരിച്ചത്.

കോർപ്പറേഷനിലെ ഇടതുപക്ഷ സംഘടന നേതാക്കളായ പി.സുരേഷ് കുമാർ,ആർ.സി.രാജേഷ് കുമാർ എന്നിവരെ വിവിധ സോണലുകളിലേക്ക് മാറ്റി.എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയും റവന്യു ഇൻസ്‌പെക്ടറുമായ സുരേഷ് കുമാറിനെ മെയിൻ ഓഫീസിൽ നിന്ന് ആറ്റിപ്ര സോണലിലേക്കും കെ.എം.സി.എസ്.യു മുൻ സംസ്ഥാന കമ്മിറ്റിയംഗവും എൻ.ജി.ഒ യൂണിയൻ പ്രവർത്തകനുമായ രാജേഷ് കുമാറിനെ തിരുവല്ലം സോണൽ ഓഫീസിലേക്കുമാണ് മാറ്റിയത്.

തലസ്ഥാനത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ളക്‌സ് വച്ചതിന് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് നോട്ടീസ് നൽകിയ റവന്യു ഓഫീസർ ജി.ഷൈനിയെ റവന്യു സെക്ഷനിൽ നിന്ന് കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി.

മേയറുടെ ഓഫീസിലെ ഓഫീസ് അറ്റൻഡന്റായിരുന്ന ഇ.അംജിത് അലിഖാനെ ഉള്ളൂർ സോണലിലേക്ക് മാറ്റി.ഡെപ്യൂട്ടി മേയറുടെ ഓഫീസിലേക്ക് നേമം സോണൽ ഓഫീസിൽ നിന്ന് ജെ.പ്രദീഷ് കുമാറിനെയും നിയമിച്ചു.വർഷങ്ങളായി ഒരേ ഓഫീസിൽ തുടരുന്നവരെ വരും ദിവസങ്ങളിൽ മാറ്റുമെന്നാണ് വിവരം.