അഫ്ഗാനിൽ താലിബാന്റെ കാട്ടുനീതി ജനങ്ങളെ നാലായി വിഭജിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ ക്രിമിനൽ നടപടിക്രമ നിയമം പുറത്തിറക്കി താലിബാൻ ഭരണകൂടം. പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പുവച്ച നിയമം പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുകയും അടിമത്തത്തെ നിയമവിധേയമാക്കുകയും ചെയ്യുന്നതാണ്.ജനുവരി 4-ന് പുറപ്പെടുവിച്ച പുതിയ കോഡിൽ മൂന്ന് വിഭാഗങ്ങളിലും 10 അധ്യായങ്ങളിലുമായി 119 ലേഖനങ്ങൾ ഉൾപ്പെടുത്തിട്ടുണ്ട്.ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടിമത്തത്തെ താലിബാൻ നിയമവിധേയമാക്കി.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ നിയമങ്ങൾ. എല്ലുകൾ ഒടിയാതെ ശരീരത്തിൽ തൊലി പൊട്ടാതെ മറ്റേത് രീതിയിലും ശാരീരികമായി ഉപദ്രവിക്കാൻ അനുമതി നിയമത്തിൽ പറയുന്നുണ്ട്.
സാമൂഹിക വിഭജനം പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ).
കോടതി പേരിനു മാത്രം പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.ഈ നിയമം മദ്ധ്യകാലഘട്ടത്തേക്കാൾ ഭീകരമാണെന്നും മനുഷ്യന്റെ അന്തസിനെ വെല്ലുവിളിക്കുന്നതാണെന്നും അഫ്ഗാനിലെ മുൻ ഭരണാധികാരികളും അന്താരാഷ്ട്ര നിരീക്ഷകരും പ്രതികരിച്ചു.