പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം : ഇറാനെതിരെ ഭീഷണി കടുപ്പിച്ച് ട്രംപ് ഇറാന് യു.എസ് മുന്നറിയിപ്പ്
വാഷിംഗ്ടൺ:ആണവ കരാറിന് ഉടൻ തയാറായിലെങ്കിൽ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ആക്രമണം മുൻപത്തെക്കാൾ ഭീകരമായിരിക്കുമെന്നും യു.എസ് നാവികപട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാദ്ധ്യമമായ ട്രൂത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെനസ്വേലയിൽ ഉണ്ടായ ആക്രമണത്തെക്കാൾ ഭീകരമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.സൈനിക ഭീഷണിയിലൂടെ നയതന്ത്രം നടത്തുന്നത് ഫലപ്രദമോ ഉപയോഗപ്രദമോ ആകില്ലെന്ന് നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞിരുന്നു.
അതേസമയം ഇറാൻ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.യു.എസ് അയച്ച അർമാഡ കണ്ട് ഇറാൻ ഭയന്നെന്നാണിതെന്നാണ് ട്രംപിന്റെ അവകാശവാദം.'ഇറാന് സമീപം യു.എസ് അർമാഡയുണ്ട്.നാവിക വ്യൂഹത്തെ അയച്ചതിന് പിന്നാലെ അവർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് യു.എസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ യു.എസ് വ്യോമസേനയുടെ നേതൃത്വത്തിൽ സൈനികാഭ്യാസങ്ങളും ട്രംപ് പ്രഖ്യാപിച്ചു.നാവിക സേനയുടെ യു.എസ്.എസ് എബ്രഹാം ലിങ്കൺ കപ്പൽ (CVN-72) പശ്ചിമേഷ്യയിൽ എത്തിയെന്ന് യു.എസ് സൈന്യം അറിയിച്ചു.പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
5000- ൽ അധികം നാവികർ,അത്യാധുനിക എഫ് 35 യുദ്ധവിമാനങ്ങൾ,ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകൾ എന്നിവ അടങ്ങുന്നതാണ് യു.എസ് അർമാഡ. കൂടാതെ കൂടുതൽ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലെ യു.എസ് താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്.
തിരിച്ചടിക്കുമെന്ന് ഇറാൻ
ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് പിന്തുണയുമായി യു.എ.ഇയും സൗദിയും രംഗത്തെത്തിയിരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.ഇറാനെതിരായ സൈനികനടപടികളോട് സഹകരിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
സൗദി വ്യോമപാത വിട്ടുനൽകില്ല
ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.സമാധാന ശ്രമങ്ങൾക്കാണ് സൗദിയുടെ പിന്തുണ.ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടത്.മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകും.ഇറാനിലെ നിലവിലെ സാഹചര്യങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതിയും മസൂദ് പെഷേഷ്കിയാൻ സൗദി കിരീടാവകാശിയുമായി പങ്കുവെച്ചു.
അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
ഇറാനെ ആക്രമിക്കാൻ യു.എസിനെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്കെതിരേ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ യു.എസിന്റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ എത്തിയതിന് പിന്നാലെയാണ് ഇറാൻ അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.അതേസമസമയം, ഇറാനുമായി യുദ്ധത്തിന് തയ്യാറാണെന്ന സന്ദേശം നൽകുന്ന സൈനികപരിശീലനം നടത്താൻ യുഎസ് സൈന്യം തീരുമാനിച്ചു. യു.എസ് വ്യോമസേനയുടെ ഒമ്പതാം യൂണിറ്റാണ് ഈ പരിശീലനം നടത്തുകയെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ് താവളമുള്ള രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഇതെന്നും അവർ വ്യക്തമാക്കി.