കായികാദ്ധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്

Thursday 29 January 2026 9:02 AM IST

പാലക്കാട്: സ്വകാര്യ സ്‌കൂളിലെ കായികാദ്ധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിതിന്റെ അടിസ്ഥാനത്തിൽ മൂന്നാമതും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. കായികാദ്ധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. കൗൺസിലിംഗിനിടെ ആയിരുന്നു വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥിയാണ് അദ്ധ്യാപകനെതിരെ മൊഴി നൽകിയത്.

റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിന്റെ തീരുമാനം. അദ്ധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ലൈംഗികാതിക്രമം അറിഞ്ഞിട്ടും പൊലീസിൽ വിവരമറിയിക്കുന്നതിൽ വീഴ്ച പറ്റിയോ എന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.