അജിത് പവാറിന് അന്ത്യയാത്രയേകി ബാരാമതി; മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ
പൂനെ: ബാരാമതിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ബാരാമതിയിലെ വിദ്യാ പ്രതിഷ്‌ഠാൻ മൈതാനത്തിൽ 11 മണിയോടെയാണ് അന്ത്യകർമ്മങ്ങൾ ആരംഭിച്ചത്. വിദ്യാ പ്രതിഷ്ഠാൻ കാമ്പസിൽ (ഗാഡിമ) നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം ഇവിടെ എത്തിച്ചത്.
'അജിത് ദാദ അമർ രഹേ' എന്ന മുദ്രാവാക്യത്തോടെ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചത്. മൃതദേഹം സൂക്ഷിച്ചിരുന്ന അഹല്യബായ് ഹോൾക്കർ ആശുപത്രിയിലും അന്ത്യകർമ്മങ്ങൾ നടക്കുന്ന മൈതാനത്തും പാർട്ടി പ്രവർത്തകരും അനുയായികളും തടിച്ചുകൂടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, മുതിർന്ന എൻസിപി- എസ്‌പി നേതാവ് ശരത് പവാർ, വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
വിമാനാപകടത്തിൽ മരിച്ച മറ്റ് നാലു പേരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം കുടുംബങ്ങൾക്ക് കൈമാറി. പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹ-പൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ് എന്നിവരാണ് മരിച്ചത്.
മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ ബുധനാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. മുംബയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. പൂനെയ്‌ക്ക് സമീപം ബാരാമതിയിലെ എയർസ്ട്രിപ്പിലായിരുന്നു അപകടം.