നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ടിവികെ, സൂചന നൽകി വിജയ്‌യുടെ പിതാവ്
ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് വ്യക്തമാക്കിയെങ്കിലും കോൺഗ്രസിനെ പിന്തുണയ്ക്കാനുള്ള സാദ്ധ്യത തള്ളാതെ താരത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖർ. കോൺഗ്രസിന് പിന്തുണ നൽകുന്നതിനെ കുറിച്ച് ടി.വി.കെ പരിഗണിക്കുന്നുണ്ടെന്ന് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. കോൺഗ്രസ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാർട്ടിയാണെന്നും എന്നാൽ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ മറ്റു പാർട്ടികൾക്ക് പിന്തുണ നൽകുകയാണ്. വിജയ് അവരെ പിന്തുണയ്ക്കാനും പഴയ പ്രതാപം വീണ്ടെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ വിജയ സാദ്ധ്യത തിളക്കമാർന്നതാണ്. ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുന്ന ഒരാൾക്ക് തടസങ്ങൾ നേരിടുന്നത് സ്വാഭാവികമാണ്. വിജയ്ക്ക് എത്ര തടസങ്ങളെയും നേരിടാൻ കഴിയും. ജനങ്ങൾ വിജയ്‌യെ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേ സമയം ജനനായകൻ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് അടുത്തിടെ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വാഭാവിക നീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. സെൻസർ ബോർഡിന് മറുപടി നൽകാൻ മതിയായ അവസരം നൽകിയ ശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനം എടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ഹർജിയിൽ ഭേദഗതി വരുത്താൻ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകിയിട്ടുണ്ട്.