ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സി.പി.എം പ്രവർത്തകൻ മരിച്ചു
Friday 30 January 2026 3:10 AM IST
ചെന്നൈ: തമിഴ്നാട്ടിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു. സി.ഐ.ടി.യു പ്രവർത്തകനും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ കല്യാണ സുന്ദരമാണ് (45) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. ഈ മാസം പത്തിന് നാഗപട്ടണം വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലായിരുന്നു അപകടം.
വെനിസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിൽ നടന്ന പ്രതിഷേധത്തിനിടെ ട്രംപിന്റെ കോലത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.