പ്രണയബന്ധത്തെ എതിർത്തു, മാതാപിതാക്കളെ മരുന്നുകുത്തി വച്ച് കൊലപ്പെടുത്തി

Friday 30 January 2026 12:23 AM IST

ഹൈദരാബാദ്: പ്രണയബന്ധത്തിന് തടസം നിന്ന മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്സായ നക്കല സുരേഖയാണ് (20) മാതാപിതാക്കളെ കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിന്റെ പേരിൽ കുറച്ചുനാളായി ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. മാതാപിതാക്കൾ പ്രണയത്തെ അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ സുരേഖ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

ഇതിനായി ജോലി ചെയ്തിരുന്ന ആശുപത്രിയിൽനിന്ന് രണ്ടര മില്ലി വച്ചുള്ള നാലുകുപ്പി മരുന്ന് മോഷ്ടിച്ചു. അഞ്ച് മില്ലി വച്ച് കുത്തിവച്ചതോടെ മാതാപിതാക്കൾ കുഴഞ്ഞുവീണു.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ സുരേഖ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സുരേഖയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.