വേഗപ്പാതകളിൽ കുതിക്കാം

Friday 30 January 2026 1:36 AM IST

സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് കേന്ദ്ര‌സർക്കാർ പച്ചക്കൊടി കാട്ടിയ അതിവേഗ റെയിൽപാത‌. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതുകൊണ്ട് ചടുല വേഗത്തിൽ അത് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗ പാത കടന്നു പോകുന്നത് പത്തനംതിട്ട ജില്ലയിൽ കൂടിയാണ്. ജില്ലയിലെ അടൂരിലും ജില്ലാ അതിർത്തിയോട് ചേർന്നു കിടക്കുന്ന നഗരമായ ചെങ്ങന്നൂരിലും അതിവേഗ പാതയ്ക്ക് സ്റ്റാേപ്പ് അനുവദിക്കുമെന്നാണ് അറിയുന്നത്. ഒാരോ ഇരുപത്തിയഞ്ച് കിലോമീറ്ററിലും സ്റ്റോപ്പ് അനുവദിക്കുന്നതുകൊണ്ട് ജില്ലയിൽ ഒരു സ്റ്റോപ്പ് ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അതിവേഗ പാത കൂടി വരുന്നതോടെ ജില്ലയിലെ ഗതാഗതത്തിന് രണ്ടു റെയിൽ പദ്ധതികളാണുളളത്. അതിവേഗ റെയിൽപാതയുടെ നിർദേശം വരുന്നതിന് മുൻപേ പഠനം നടന്ന ചെങ്ങന്നൂർ - പമ്പ പദ്ധതിയോടും കേന്ദ്രസർക്കാർ അനുകൂല നിലപാടിലാണ്.

ശബരിമല തീർത്ഥാടകർക്കും ജില്ലയിലെ മറ്റു യാത്രക്കാർക്കും രണ്ടു പദ്ധതികളും പ്രയോജനം ചെയ്യും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് അതിവേഗ റെയിൽപാത വഴി അടൂരിൽ എത്തി പമ്പയിലേക്ക് യാത്ര തുടരാം. ജില്ലയിലെ യാത്രക്കാർക്ക് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കൂടുതൽ സൗകര്യമാകും. സമയ നഷ്ട‌ം കുറയ്ക്കുകയും ചെയ്യും.

ചെങ്ങന്നൂർ -പമ്പ പദ്ധതി യാഥാർത്ഥ്യമായാൽ നിലവിൽ ട്രെയിൻ മാർഗം ചെങ്ങന്നൂരിൽ ഇറങ്ങുന്ന തീർത്ഥാടകർക്കും മറ്റ് യാത്രക്കാർക്കും പമ്പ വരെ ട്രെയിനിൽ തന്നെ യാത്ര തുടരാം. രണ്ടു പദ്ധതികൾക്കും കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് സൂചന. അതിനാൽ, പദ്ധതികളോട് എതിർപ്പുകളുയരാൻ സാദ്ധ്യതയില്ല. രാഷ്ട്രീയ പാർട്ടികൾ രണ്ടു പദ്ധതികളെയും സ്വാഗതം ചെയ്യുന്നുണ്ട്. അതിവേഗ പാത കൂ‌ടുതലായും എലിവേറ്റഡായും തുരങ്കപാതയുമായിട്ടാണ് നിർമ്മിക്കുന്നത്. ചെങ്ങന്നൂർ - പമ്പ പാത പടിഞ്ഞാറൻ മേഖലയിൽ പമ്പാ നദിക്കു സമാന്തരമായി ആകാശപ്പാതയായും മലയോര മേഖലയിൽ സ്ഥലം ഏറ്റെടുത്തും നിർമ്മിക്കണമെന്നാണ് നിർദേശം ഉയർന്നിട്ടുള്ളത്.

ചെങ്ങന്നൂർ -പമ്പ പാതയുടെ നീളം എഴുപത്തിയഞ്ച് കിലോമീറ്റർ എന്നാണ് കണക്കാക്കിയിട്ടുള്ളത്. അൻപത് മിനിട്ടു കൊണ്ട് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലെത്താം. ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ എന്നിവിടങ്ങളിലാണ് പാതയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത്. ചെങ്ങന്നൂർ നഗരസഭയിലൂടെയും പതിനാറ് പഞ്ചായത്തുകളിലൂടെയുമാണ് നിർദ്ദഷ്ട പാത കടന്നു പോകുന്നത്.

♦ യാത്രാക്ളേശത്തിന് അറുതിയാകും

സംസ്ഥാനത്ത് യാത്രാക്ളേശം നേരിടുന്ന പ്രധാന ജില്ലകളിലൊന്നാണ് പത്തനംതിട്ട. ശബരിമല പോലെ ദേശീയ ശ്രദ്ധയാകർഷിച്ച തീർത്ഥാടന കേന്ദ്രവും പ്രശസ്തമായ മാരാമൺ കൺവെൻഷനും അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനും പത്തനംതിട്ട ജില്ലയിലാണ്. ഇതുകൂടാതെ ലക്ഷക്കണക്കിന് പ്രവാസികളുടെ നാട് കൂടിയാണ് പത്തനംതിട്ട. ട്രെയിൻ യാത്രയെ വലിയ തോതിൽ ആശ്രയിക്കുന്ന ആളുകൾക്ക് പുതിയ പദ്ധതികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതിവേഗ റെയിലിനെ വിമാനത്താവളുമായി ബന്ധിപ്പിച്ചാൽ യാത്രാസംബന്ധമായ സമയ നഷ്ടം ഒഴിവാകും. നിലവിൽ കാർ മാർഗമോ ബസുകളെ ആശ്രയിച്ചോ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നവർ ഗതാഗതക്കുരുക്കിൽ പെട്ടുപോകുന്നത് പതിവാണ്. വിദേശങ്ങളിലേക്ക് പോകുന്നവർക്കും നാട്ടിലെത്തുന്നവർക്കും വിമാനത്താവള യാത്രകൾക്ക് അതിവേഗ റെയിൽ പാത ഉപകാരപ്പെടണം. നിലവിൽ യാത്രക്കാർക്കു മാത്രമായിട്ടാണ് വേഗ പാത വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ ചരക്ക് നീക്കത്തിനായി പാത വികസിപ്പിക്കാം.

♦ മഞ്ഞക്കുറ്റികൾ പിഴുതുമാറ്റണം

രണ്ടു പദ്ധതികൾക്കും വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് പുറത്തു വന്ന വിവരങ്ങൾ. സിൽവർ ലൈൻ പാതയ്ക്ക് വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കേണ്ടി വരുമെന്നതുകൊണ്ടാണ് വലിയ പ്രതിഷേധങ്ങളുണ്ടായത്. സിൽവർ ലൈൻ പാത ഏറെക്കുറെ ഉപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിക്കു വേണ്ടി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതു മാറ്റിയിട്ടില്ല. ഇവിടെ അധിവസിക്കുന്നവർക്ക് തങ്ങളുടെ സ്ഥലം വിൽപ്പന നടത്താനോ ബാങ്കിൽ നിന്ന് ലോൺ എടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. മഞ്ഞക്കുറ്റികൾ പിഴുതു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്. കെ റെയിൽ ഉദ്യോഗസ്ഥരും കൈമലർത്തുകയാണ്.

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ റെയിൽ പദ്ധതികൾ നടപ്പാക്കുന്നതിനോടാണ് എല്ലാവർക്കും താൽപ്പര്യം. അങ്കമാലി -ശബരി റെയിൽവേ പദ്ധതി എങ്ങുമെത്തിയിട്ടില്ല. സ്ഥലം ഏറ്റെടുക്കലാണ് വലിയ വെല്ലുവിളി. അങ്കമാലി പദ്ധതി എരുമേലിയിൽ നിന്ന് പത്തനംതിട്ട, കോന്നി വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. പദ്ധതിയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചാൽ വൻ വരുമാന സാദ്ധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇൗ നിർദേശം മുന്നോട്ടുവച്ചത്.