സർവം ക്ഷേമം, സമഗ്ര വികസനം
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് പ്രതീക്ഷിച്ചതുപോലെ ജനപ്രിയവും, വികസനത്തിനും ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്നതുമാണ്. കേന്ദ്രം നികുതി വിഹിതവും വായ്‌പാ പരിധിയും വെട്ടിക്കുറച്ച് ശ്വാസം മുട്ടിച്ചിട്ടും തളരാതെ, വികസനത്തിന്റെ പാതയിൽ കേരളം പിടിച്ചുനിന്നുവെന്ന് കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു ബഡ്‌ജറ്റ് അവതരണം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം പകരുന്ന ബഡ്‌ജറ്റാണിത്. ശമ്പള കമ്മിഷൻ പ്രഖ്യാപിച്ചതിനൊപ്പം ഡി.എ, ഡി.ആർ കുടിശ്ശിക പൂർണമായും നൽകുമെന്നും ധനമന്ത്രി അറിയിച്ചു. കുടിശ്ശികയുടെ ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും, ബാക്കി മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പവും നൽകും. മൂന്ന് മാസത്തിനുള്ളിൽ ശമ്പള കമ്മിഷൻ റിപ്പോർട്ട് നൽകും. പിന്നാലെ ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കും. അഷ്വേർഡ് പെൻഷൻ ഏപ്രിൽ ഒന്നുമുതൽ നൽകുന്നതായിരിക്കും.
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എം.സി റോഡ് വികസനത്തിന് 5917 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐ.ടി നയവും ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും. ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന പ്രഖ്യാപനം വിദ്യാഭ്യാസ ചെലവുകൾ ഏറെ വർദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് സാധാരണ ജനങ്ങൾക്കു നൽകുന്ന ആശ്വാസം ചെറുതല്ല. തത്‌കാലം ആർട്സ് ആൻഡ് സയൻസ് കോളേജിലാവും പദ്ധതി നടപ്പാക്കുക. ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടി രൂപയും ആശാ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തെയും ബഡ്‌ജറ്റാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടത്.
റോഡ്അപകടത്തിൽപ്പെട്ട് ചികിത്സ തേടുന്ന ആളുകൾക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുള്ള ബഡ്‌ജറ്റ്, വനം- വന്യജീവി സംരക്ഷണത്തിന് 288 കോടിയും ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടിയും ലൈഫ് പദ്ധതിക്ക് 1498.26 കോടിയും നീക്കിവച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ബഡ്‌ജറ്റിൽ വർദ്ധിപ്പിച്ചു. വികസന ഫണ്ട് 10,189 കോടി രൂപയാക്കി. ലൈഫിൽ നിർമ്മിച്ച വീടുകളുടെ എണ്ണം 5.25 ലക്ഷം കടന്നതായും ബഡ്‌ജറ്റ് ചൂണ്ടിക്കാട്ടി. എം.സി റോഡ് വികസനത്തിന് ആദ്യഘട്ടമെന്ന നിലയിലാണ് കിഫ്‌ബി വഴി 5217 കോടി വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർ നിർമ്മിക്കും. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ ബൈപ്പാസുകളുടെ നിർമ്മാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും ആദ്യ ഘട്ടത്തിൽത്തന്നെ നടപ്പാക്കും. ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളം ന്യൂ നോർമലാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ധന നിലയിൽ വലിയ പുരോഗതിയാണ് സംഭവിച്ചിരിക്കുന്നതെന്നും ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിനിടെ പറഞ്ഞു. മെഡിസെപ് 2.0 ഫെബ്രുവരി മുതലാകും നടപ്പാക്കുക. ഒന്നു മുതൽ പ്ളസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകടം സംഭവിച്ചാലുള്ള ഇൻഷ്വറൻസ് തുക നൽകുന്നതിന് 15 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം നൽകുന്നതാണ്. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരിയിൽ കൈമാറും. ഖരമാലിന്യ സംസ്‌കരണത്തിന് 160 കോടി നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിനു പുറമെ, മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധിയും ആരംഭിക്കും. പത്രപ്രവർത്തകരുടെ പെൻഷനിൽ പ്രതിമാസം 1500 രൂപയുടെ വർദ്ധനവും പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ കടത്തെക്കുറിച്ചുള്ള കണക്കുകളും ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. 2023 - 24 സാമ്പത്തിക വർഷത്തിൽ പൊതുകടം 12.60 ശതമാനമായിരുന്നെങ്കിൽ 2024 - 25 വർഷത്തിൽ അത് 15.68 ശതമാനത്തിലേക്ക് ഉയർന്നു. അതുപോലെ പൊതുകടവും സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചയും തമ്മിലുള്ള അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 24.83 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. കടം വർദ്ധിക്കുന്നുണ്ടെങ്കിലും അത് സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുന്ന തരത്തിലുള്ളതല്ലെന്നും വികസന ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുക നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 54,000 കോടി രൂപയാണ് ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചത്.
ബഡ്‌ജറ്റിനെ ആകെക്കൂടി വിലയിരുത്തുമ്പോൾ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം ഉൾക്കൊള്ളിച്ച പ്രായോഗികമായ ബഡ്‌ജറ്റാണ് ഇതെന്ന് പറയേണ്ടിവരും. ക്യാൻസർ - എയിഡ്‌സ് രോഗികൾക്ക് 2000 രൂപ സഹായം, ഓട്ടോ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ്, യുവജന ക്ളബുകൾക്ക് 10,000 രൂപ സഹായം, കേര പദ്ധതിക്ക് 10 കോടി എന്നിവയും പ്രഖ്യാപിക്കപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന് 1128 കോടിയും ഉച്ചഭക്ഷണ പദ്ധതിക്ക് 266.66 കോടിയും കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടിയും വകയിരുത്തി. കട്ടപ്പന മുതൽ തേനി വരെയുള്ള തുരങ്ക പാതയുടെ സാദ്ധ്യതാ പഠനത്തിന് 10 കോടിയും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തീർത്ഥാടന റോഡ് വികസനത്തിന് 15 കോടിയും, നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടിയും, കെ- ഫോണിന് 112.44 കോടിയും, ലൈഫ് സയൻസ് പാർക്കിന് 35 കോടിയും പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കിലെ അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നതു കൂടിയാണ് ബഡ്‌ജറ്റ്. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരവ് 1,82,972.10 കോടി രൂപയായിരിക്കുമ്പോൾ റവന്യൂ ചെലവ് 2,17, 558.76 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ 34,586.66 കോടി രൂപയുടെ റവന്യൂ കമ്മിയാണ് ബഡ്‌ജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊതുകടം 51,378.49 കോടി രൂപയിലേക്ക് ഉയർന്നിരിക്കുന്നു. കഴിഞ്ഞ തവണ ഇത് 49,908.80 കോടി രൂപയായിരുന്നു. വരുമാനക്കുറവും കടബാദ്ധ്യതയും തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വികസന ചെലവുകളും സാമൂഹ്യക്ഷേമ പദ്ധതികളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതാണ് സർക്കാരിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
ജനപ്രിയ ബഡ്‌ജറ്റെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ പ്രകീർത്തിച്ചപ്പോൾ അനാവശ്യമായി രാഷ്ട്രീയം കലർത്തിയതിനാൽ ജനങ്ങൾ വിശ്വസിക്കാത്ത ബഡ്‌ജറ്റാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അവതരിപ്പിച്ച ബഡ്‌ജറ്റ് എന്ന നിലയിൽ പുതിയ നികുതി ഭാരങ്ങളൊന്നും ജനങ്ങൾക്കു മേൽ ചുമത്തിയിട്ടില്ല എന്നതാണ് ഈ ബഡ്‌ജറ്റിനെ ജനപ്രിയമാക്കി മാറ്റിയിരിക്കുന്നത്.