ലിജോ പെല്ലിശേരിയുടെ ഹിന്ദി ചിത്രം മുംബയിൽ
സംഗീതം എ.ആർ. റഹ്മാൻ, ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ
ലിജോ ജോസ് പെല്ലിശേരിയുടെ ബോളിവുഡ് സംവിധാന അരങ്ങേറ്റ ചിത്രത്തിന് മുംബയിൽ തുടക്കം. ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനിയും മലയാളതാരം ഇന്ദ്രജിത്തും പ്രധാനവേഷത്തിൽ എത്തുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ നായകനിലും ഇന്ദ്രജിത്ത് ആയിരുന്നു നായകൻ. ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലും ഇന്ദ്രജിത്ത് എത്തുന്നു എന്ന സവിശേഷതയുണ്ട്. ഫെബ്രുവരി 12ന് ഇന്ദ്രജിത്ത് ജോയിൻ ചെയ്യും.എ.ആർ. റഹ്മാൻ ആണ് സംഗീതം. മലയാളിയായ ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ലിജോ പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്റെയും ബോളിവുഡ് അരങ്ങേറ്റം ആണ് . വിഖ്യാത നിർമ്മാതാവും സംവിധായകനുമായ ഹൻസൽ മെഹ്തയുടെ ട്രു സ്റ്റോറി ഫിലിംസും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമ്മാണം. ലിജോയും കരൺവ്യാസും ചേർന്ന് രചന നിർവഹിക്കുന്നു.പ്രണയം, കാത്തിരിപ്പ്, മാനുഷികബന്ധത്തിന്റെ സങ്കീർണത തുടങ്ങിയ വിഷയങ്ങളാണ് പ്രമേയം. ഇന്ദ്രജിത്ത് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദിചിത്രം ആണിത്.2010 ൽ ദ വെയ്റ്റിംഗ് റൂം ആണ് ആദ്യ ബോളിവുഡ് ചിത്രം. അനുരാശ് കശ്യപ് സംവിധാനം ചെയ്യുന്ന ബന്ദർ എന്ന ചിത്രത്തിൽ ബോബി ഡിയോളും ഇന്ദ്രജിത്തും ആണ് നായകന്മാർ. മുംബയ്യുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ചിത്രീകരണ ഘട്ടത്തിൽ ആണ് . കാലന്റെ തങ്കക്കുടം ആണ് മലയാളത്തിൽ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം. നീണ്ട ഇടവേയ്ക്കുശേഷം ഇന്ദ്രജിത്ത് മുഴുനീള കോമഡി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.