മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, പൂയപ്പള്ളി മൈലോട്, അമ്പലംകുന്ന് ഭാഗങ്ങളിൽ മോഷണം വ്യാപകം
ഓയൂർ :പൂയപ്പള്ളി മൈലോട്, അമ്പലംകുന്ന് ഭാഗങ്ങളിൽ വീടുകളിൽ മോഷണശ്രമം പതിവാകുന്നു. കഴിഞ്ഞദിവസം വെളുപ്പിന് അമ്പലംകുന്ന് ഭാഗത്ത് ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വീട്ടുകാർ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. വീടിന്റെ വരാന്തയിലെ ഷീറ്റ് ഇളക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതാണ് മോഷ്ടാവിനെ കുടുക്കാൻ സഹായിച്ചത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഇതേ ദിവസം തന്നെ സമീപത്തെ മറ്റ് രണ്ട് വീടുകളിലും മോഷണശ്രമം നടന്നതായി നാട്ടുകാർ പറയുന്നു.
പ്രദേശത്തെ വീടുകളിൽ നിന്നും റബർ ഷീറ്റുകൾ മോഷ്ടിക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. താമസക്കാരായ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് സർക്കാർ സംവിധാനങ്ങളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്ന പരാതി ശക്തമാണ്. പൊലീസ് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ ഓരോ വാർഡിലും താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്നും ഇതിനായി സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സഹായം തേടണമെന്നും ആവശ്യമുയരുന്നു. രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം പൊലീസ് സന്ദർശനം ഉറപ്പാക്കാൻ പ്രധാന സ്ഥലങ്ങളിൽ രജിസ്റ്റർ സൂക്ഷിക്കുന്നത് മോഷണത്തിന് ശാശ്വത പരിഹാരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.