ആറുവയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി, പ്രതികൾ 13,14,15 വയസുള്ള കുട്ടികൾ
ന്യൂഡൽഹി: ഡൽഹി ഭജൻപുരയിൽ ആറു വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികൾ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ അയൽവാസികളായ 13,14,15 വയസുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. ജനുവരി 18നാണ് സംഭവം. എല്ലാ പ്രതികളും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. പെൺകുട്ടിയുമായി പരിചയമുള്ള പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന്റെ ടെറസിന്റെ മുകളിൽ എത്തിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് വീട്ടിലെത്തിയ കുട്ടി വീണ് പരിക്കേറ്റെന്നാണ് വീട്ടുകാരോട് ആദ്യം പറഞ്ഞത്. ശരീരത്തിൽ മറ്റ് പരിക്കുകൾ കാണാത്തതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞത്.
തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവ സ്ഥലത്ത് രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ അവസ്ഥ കണ്ട പ്രതികളിലൊരാളുടെ അമ്മ തന്നെയാണ് തന്റെ മകനെ പൊലീസിനെ ഏൽപ്പിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
കേസിൽ മന്ദഗതിയിലുള്ള അന്വേഷണം നടക്കുന്നുവെന്ന് ഭജൻപുര നിവാസികൾആരോപിച്ചു. കഴിഞ്ഞ നാലുദിവസമായി പ്രദേശത്തി പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.