ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാക്ഷി,​ കല അനൂപിന് സ്വന്തം

Friday 30 January 2026 12:03 AM IST

ആലപ്പുഴ: ജനപ്രതിനിധികളുടെയും ജില്ലാകളക്ടറുടെയും ആശിർവാദത്തിൽ കല മംഗല്യവതിയായി. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും ആലപ്പുഴ നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസിയായ കലയാണ് പുതുജീവിതത്തിലേക്ക് കടന്നത്. ഹരിപ്പാട് താമല്ലാക്കൽ കമലാലയം വീട്ടിൽ കമലാസനന്റെയും രമയുടെയും മകൻ അനൂപാണ് വരൻ. കൊട്ടാരം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന

ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ മോളി ജോക്കബ്,​ കലയെ അനൂപിന് കൈപിടിച്ചുനൽകി. ജില്ലാ കളക്ടർ അലക്സ് വർഗീസ് ആശംസകൾ നേർന്നു. കാറ്ററിംഗ് അസോസിയേഷനായിരുന്നു സദ്യ ഒരുക്കിയത്. ഫോട്ടോഗ്രാഫി അസോസിയേഷൻ വീഡിയോയും ഫോട്ടോയും സ്പോൺസർ ചെയ്തു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ വിവാഹത്തിന് സാമ്പത്തികമായും അല്ലാതെയും സഹകരിച്ചു. നാലര പവൻ സ്വർണവും സർക്കാരിന്റെ ഒരുലക്ഷം രൂപയും വധുവിന് നൽകി. ആലപ്പുഴ മഹിളാമന്ദിരത്തിലെ 14-ാമത്തെ വിവാഹമായിരുന്നു ഇത്.

വരന്റെ ബന്ധുക്കളെ കൂടാതെ,​ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, മഹിളാ മന്ദിരം മാനേജിംഗ് കമ്മിറ്റി അംഗം എ.എൻ പുരം ശിവകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രശ്മി സനൽ, പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജ്യോതിമോൾ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ രാജേന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഫൈസൽ, കൗൺസിലർമാരായ ഷോളി സിദ്ധകുമാർ, ജോഷി രാജ്, നൂറുദ്ദീൻ കോയ, വി.ജി.വിഷ്ണു, ബേബി ലൂയിസ്,എ.ഷാനവാസ്, ടി.ജി.രാധാകൃഷണൻ, ആർ.കണ്ണൻ, എ.എസ്. കവിത, എം.ലൈല ബീവി, സിനു കെ.കെ, ആർ.രാകേഷ്,​ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ വി.എസ്.ഷിംന, വനിതാ സംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ, മഹിളാ മന്ദിരം സൂപ്രണ്ട് എം.എസ്. നിഷാ രാജ് തുടങ്ങിയവർ പങ്കെടുത്തു.