ജീവിതവും പോരാട്ടവീര്യവും... ഖുലാങ് ബുർഹി ഇന്ന് അരങ്ങിൽ

Friday 30 January 2026 12:19 AM IST

തൃശൂർ: അസമിലെ ആദിവാസി സമൂഹമായ തെംഗൽ കചാരി ജനതയുടെ ജീവിതവും പോരാട്ടവീര്യവും പ്രമേയമാക്കുന്ന ഖുലാങ് ബുർഹി നാടകം ഇന്ന് രാവിലെ 11നും 4.30നും കെ.ടി.മുഹമ്മദ് തിയറ്ററിൽ അരങ്ങേറും. സിമന്ത ഫുക്കനാണ് സംവിധാനം. സോൺമയി എന്ന ധീരയായ പെൺകുട്ടിയുടെയും ഖുൻഖുര എന്ന യുവാവിന്റെയും പോരാട്ടമാണ് ഇതിവൃത്തം.

രക്തത്തിന്റെയും ചാരത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും പൊള്ളിക്കുന്ന ചരിത്രം പറയുന്ന അഗർബത്തി എന്ന നാടകവും ഇന്നുണ്ട്. ആശിഷ് പഥകിന്റെ രചനയിൽ സ്വാതി ദുബെ സംവിധാനം നിർവഹിച്ച നാടകം ബെഹ്മായി കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് അരങ്ങേറുന്നത്. 80 മിനുറ്റ് ദൈർഘ്യമുള്ള നാടകം ബുണ്ടേലി/ഹിന്ദി ഭാഷകളിലാണ്. രാവിലെ 11നും വൈകിട്ട് 4.30 നും സ്‌കൂൾ ഒഫ് ഡ്രാമയിലാണ് അവതരണം. മധ്യപ്രദേശിലെ സംഗമം രംഗ് മണ്ടേലാണ് അവതരിപ്പിക്കുന്നത്.

സെർവാന്റിസിന്റെ ഡോൺ ക്വിക്‌സോട്ട് എന്ന സ്പാനിഷ് നോവലിനെ അടിസ്ഥാനമാക്കിയുള്ള നാടകമാണ് നന്മയിൽ ജോൺ ക്വിഹോത്തോ. വീരസാഹസിക കഥകൾ വായിച്ച് ഹരം കൊള്ളുന്ന നായകൻ ലോകത്തിന്റെ നന്മയെ അന്വേഷിച്ച് തെറ്റുകളെ തിരുത്താനായി യാത്ര ആരംഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം.

ഫാവോസിൽ ഇന്ന് രാവിലെ 11.30: കുഹൂആൻ ആന്തോളജി ഓൺ റെയിൽസ്, സംതിംഗ് ലൈക് ട്രൂത്ത്, ഡംപ്ലിംഗ് നാടകങ്ങളുടെ അണിയറപ്രവർത്തകരുടെ സംവാദം.

ഉച്ച്‌യ്ക്ക് 1.30: രത്തൻ തിയ്യം, റോബർട്ട് വിൽസൺ അനുസ്മരണം.

വൈകിട്ട് 5: അർണാസ് ചിൽഡ്രൻ എന്ന ഡോക്യൂമെന്ററി പ്രദർശനം.

ഫോട്ടോ ചിത്ര പോസ്റ്റർ പ്രദർശനം

അക്കാഡമി ബാക്ക് യാർഡ്: ഫോട്ടോ ചിത്ര പോസ്റ്റർ പ്രദർശനം. രാവിലെ മുതൽ രാത്രി വരെ.