ഉപമുഖ്യമന്ത്രി പദം നിലനിറുത്താൻ എൻ.സി.പി നേതൃസ്ഥാനത്ത് സുനേത്ര വന്നേക്കും
ന്യൂഡൽഹി: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച അനിശ്ചിതത്വം മറികടക്കാൻ നീക്കവുമായി എൻ.സി.പി.
അജിത്തിന്റെ ഭാര്യയും രാജ്യസഭാ എം.പിയുമായ സുനേത്ര പവാറിനെ നേതാവാക്കി പ്രതിസന്ധി മറികടക്കാൻ ചർച്ച സജീവം. ബാരാമതി
അജിത്തിന്റെ മരണത്തോടെ ഒഴിവ് വന്ന ബാരാമതി സീറ്റിൽ സുനേത്രയെ മത്സരിപ്പിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം നിലനിറുത്തുകയാണ് ലക്ഷ്യം. എൻ.സി.പി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉടൻ കാണും. അജിത്തിന്റെ അഭാവത്തിൽ ശരദ് പവാറിന്റെ എൻ.സി.പി പക്ഷവുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും രണ്ടു പാർട്ടികളും വ്യത്യസ്‌ത മുന്നണികളിലായതിനാൽ തീരുമാനത്തിന് സമയമെടുക്കും. അതിനിടെയാണ് അജിത്തിന്റെ വിശ്വസ്തൻ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ സുനേത്രയെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, സുനിൽ തത്കറെ തുടങ്ങിയ മുതിർന്ന നേതാക്കൾ സുനേത്രയെ കണ്ടിരുന്നു.
ചുമതല പ്രഫുലിന്
പകരം നേതാവിനെ കണ്ടെത്തുന്നതുവരെ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പാർട്ടി കാര്യങ്ങൾ നോക്കും. എൻ.സി.പികൾ തമ്മിലുള്ള ലയന ചർച്ചകളുമുണ്ടായേക്കും. കോൺഗ്രസും ശിവസേനയും (ഉദ്ധവ്) ഉൾപ്പെട്ട മഹാവികാസ് അഘാഡിയിൽ നിന്ന് ശരദ് പവാറും കൂട്ടരും എൻ.ഡി.എ പാളയത്തിലെത്തുമോ എന്നതാശ്രയിച്ചിരിക്കും ലയനം.
സുനേത്ര
പരിചയസമ്പന്ന
സുനേത്രയുടെ പിതാവ് പദംസിംഗ് പാട്ടീൽ മുൻ സംസ്ഥാന മന്ത്രിയും ലോക്സഭാ എം.പിമായിരുന്നു. എൻ.സി.പികളുടെ പിളർപ്പിനുശേഷം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേയോട് ബാരാമതിയിൽ തോറ്റെങ്കിലും രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് എം.പിയായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വരുംമുമ്പ് സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സജീവമായിരുന്നു. ജൈവകൃഷിയും സുസ്ഥിര ഗ്രാമവികസനവും പ്രോത്സാഹിപ്പിക്കുന്ന എൻവയോൺമെന്റൽ ഫോറം ഒഫ് ഇന്ത്യയുടെ (ഇ.എഫ്.ഒ.ഐ) സ്ഥാപകയും ബാരാമതി ടെക്സ്റ്റൈൽ കമ്പനി ചെയർപേഴ്‌സണുമാണ്.
അജിത്തിന്റെ പിൻഗാമിയായി സുനേത്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് എൻ.സി.പി പ്രവർത്തകരുടെ ആഗ്രഹം
-നർഹരി സിർവാൾ
എൻ.സി.പി നേതാവ്
മഹാരാഷ്ട്ര മന്ത്രി