വികസിത ഇന്ത്യ ലക്ഷ്യം, പരിഷ്‌കാരം ബഡ്‌ജറ്റിൽ പ്രതിഫലിക്കും: മോദി

Friday 30 January 2026 12:42 AM IST

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന്റെ കേന്ദ്ര ബഡ്‌ജറ്റിൽ 2047ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം മുൻനിറുത്തിയുള്ള പരിഷ്‌കാരങ്ങൾ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യം കൈവരിക്കാൻ അടുത്ത 25 വർഷങ്ങൾ നിർണായകമാണെന്നും പറഞ്ഞു.

പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയാണ് ലക്ഷ്യം. രാജ്യത്ത് ഇപ്പോൾ പരിഷ്കരണ എക്‌സ്‌പ്രസ് അതിവേഗം മുന്നേറുന്നു. ദീർഘകാല പ്രശ്നങ്ങൾക്ക് ആഗോള വിശ്വാസം ഉറപ്പാക്കി പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദേശീയ പുരോഗതി ലക്ഷ്യമിട്ടുള്ള ഓരോ തീരുമാനവും മനുഷ്യ കേന്ദ്രീകൃതമായിരിക്കും. പദ്ധതികൾ ഫയലിൽ ഉറങ്ങാതെ ജനങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. അതിനായി അടുത്ത തലമുറ പരിഷ്കാരങ്ങൾ തുടരും. 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിന്റെ പൂർത്തീകരണവും രണ്ടാം പാദത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്ന ബഡ‌്ജറ്റ് സമ്മേളനമാണിത്- മോദി പറഞ്ഞു.

ഇ.യു കരാർ

ഭാവി ഉറപ്പാക്കുന്നു

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ യുവാക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നു

വിശാലമായ യൂറോപ്യൻ വിപണിയിലേക്ക് കുറഞ്ഞ ചെലവിൽ ഇന്ത്യൻ ഉത്പന്നങ്ങളെത്തിക്കാനുള്ള അവസരം വ്യവസായ പ്രമുഖരും നിർമ്മാതാക്കളും പ്രയോജനപ്പെടുത്തണം. ഉത്പന്നങ്ങൾക്ക് ഗുണനിലവാരമുറപ്പാക്കി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ലാഭത്തിനൊപ്പം ജനഹൃദയം കീഴടക്കാനാകും- അദ്ദേഹം പറഞ്ഞു.