ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ കൊന്ന സംഭവത്തിൽ തെളിവെടുപ്പ് ഇന്ന്
വൈശാഖൻ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാമുകിയെ കൊന്ന കേസിലെ പ്രതി തടമ്പാട്ടുതാഴം പീസ് ഗാർഡനിലെ വൈശാഖനെ (35) തെളിവെടുപ്പിനായി കൊയിലാണ്ടി കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ മുതലാണ് കസ്റ്റഡി. ഇന്ന് രാവിലെ പതിനൊന്നോടെ വൈശാഖനെ തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും. വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ വർക് ഷോപ്പ്, യുവതിയെ കൊല്ലാൻ ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പ്, വൈശാഖന്റെ വീട് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ പിന്നീടാകും തെളിവെടുപ്പ് നടത്തുകയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈശാഖന്റെ വർക് ഷോപ്പിൽ ഫോറൻസിക് സംഘമെത്തി പരിശോധിച്ചിരുന്നു. യുവതിയുടെ കഴുത്തിലെ കയർ മുറിച്ച് താഴെയിറക്കി കിടത്തിയ സ്ഥലത്തെ മണ്ണും വൈശാഖൻ ഉപയാേഗിച്ചിരുന്ന ടവൽ തുടങ്ങിയവയും യുവതിക്ക് നൽകിയ ഉറക്കഗുളികയുടെ അംശവും ലഭിച്ചിരുന്നു. എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. യുവതി എഴുതിയ ഡയറി നേരത്തേ പൊലീസിന് കിട്ടിയിട്ടുണ്ട്. ഒരുമിച്ച് കയർ കൊണ്ട് കുരുക്കുണ്ടാക്കിയെങ്കിലും യുവതിയെ തന്ത്രപൂർവം കൊല്ലുകയായിരുന്നു വൈശാഖൻ. മൃതദേഹത്തിലും ലൈംഗികാതിക്രമം നടത്തിയതിനാൽ സമാനതകളില്ലാത്ത കേസാണിതെന്ന് പൊലീസ് പറഞ്ഞു. യുവതിയോടുള്ള പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ 24നായിരുന്നു സംഭവം.