പൊലീസുകാരെന്ന വ്യാജേന യുവാവിനെ ഭീഷണിപ്പെടുത്തി പണം കവർന്നു
കൊച്ചി: സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കർണാടക സ്വദേശിയെ ഭീഷണിപ്പെടുത്തി പണംതട്ടിയെടുത്തു. എറണാകുളം കോന്തുരുത്തി ദീപക് അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ദക്ഷിണകന്നഡ കടമ്പ സ്വദേശി ഷാഹിദ് അഫ്രിഡിയാണ് (28) കവർച്ചയ്ക്ക് ഇരയായത്.
കഴിഞ്ഞദിവസം രാത്രി 12.10ന് തേവര പഴയ വെണ്ടുരുത്തി പാലത്തിന് സമീപമായിരുന്നു സംഭവം. ഷാഹിദ് ഓൺലൈൻ ഭക്ഷ്യവിതരണത്തിന് വരുമ്പോൾ പാലത്തിന് സമീപം സ്കൂട്ടർ കേടായി. തുടർന്ന് സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴായിരുന്നു മൂന്നംഗസംഘം സ്കൂട്ടറിൽ എത്തിയത്. കൊച്ചി സിറ്റിയിലെ സിവിൽപൊലീസ് ഓഫീസർമാരാണെന്ന് പറഞ്ഞ സംഘം രാത്രി തനിച്ച് നിൽക്കുന്നതിന്റെ പേരിൽ യുവാവിനെ ചോദ്യംചെയ്തു. തുടർന്ന് ദേഹപരിശോധന എന്ന വ്യജേന ഷാഹിദിന്റെ കൈകൾ ബലമായി പിടിച്ചശേഷം പഴ്സ് പുറത്തെടുത്ത് 3200രൂപ കൈക്കലാക്കി കടന്നു.
പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
രണ്ടുമാസംമുമ്പ് എറണാകുളം നോർത്ത് അയ്യപ്പൻകാവ് റോഡിൽനിന്ന് മഹാരാഷ്ട്ര സ്വദേശിയെ പൊലീസുകാരെന്ന വ്യാജേന തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികൾ അടുത്തിടെയാണ് പിടിയിലായത്.