തമിഴ്നാട്ടിലെ എസ്.ഐ.ആറിൽ സുപ്രീംകോടതി ഇടപെടൽ

Friday 30 January 2026 1:56 AM IST

ന്യൂഡൽഹി: തമിഴ്നാട്ടിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയിൽ നീക്കം ചെയ്യപ്പെട്ട 1.72 കോടി വോട്ടർമാരുടെ പേരുകൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് -വാർഡ് ഓഫീസ് അടക്കം പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം. വോട്ടർമാരുടെ അവകാശവാദങ്ങളും തർക്കവും കേൾക്കണം. പ്രതിനിധികൾ മുഖേനയും രേഖകൾ സമർപ്പിക്കാൻ വോട്ടർമാരെ അനുവദിക്കണം. ഇതിനായി ബ്ലോക് ഓഫീസുകളിൽ അടക്കം സൗകര്യമേർപ്പെടുത്തണം. രേഖകൾ സമ‌ർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണം. സുതാര്യമായ പരിശോധന ഉറപ്പാക്കണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. അതേസമയം, കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ പ്രക്രിയക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. വാദമുഖങ്ങൾ പൂർത്തിയായതിനെ തുട‌ർന്നാണിത്.