കടും ചുവപ്പും നീലയും നിറമുള്ള വസ്‌ത്രം ധരിച്ച് ക്ഷേത്രത്തിലെത്താറുണ്ടോ?​ എങ്കിൽ ആചാര്യന്മാർ പറയുന്ന കാര്യങ്ങൾ അറിയണം

Friday 30 January 2026 10:48 AM IST

ഈശ്വരാനുഗ്രഹം നേടാനും ജീവിതത്തിൽ പോസിറ്റീവിറ്റിക്കുമായാണ് ക്ഷേത്രദർശനം നടത്തുന്നത്. എന്നാൽ വിശ്വാസികളിൽ ഒരു ചെറിയ പങ്കെങ്കിലും ക്ഷേത്രാചാരങ്ങൾ പാലിക്കാത്തവരോ അത് അറിയാത്തവരോ ആകാം. ക്ഷേത്രദർശനം നടത്തുന്നതിന് അടിസ്ഥാനപരമായി ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. അവ പാലിക്കുമ്പോഴാണ് ദർശനത്തിന്റെ സദ്‌ഫലങ്ങൾ ലഭിക്കുക.

ഏറ്റവും പ്രധാനമായ കാര്യം ക്ഷേത്രത്തിൽ പോകുമ്പോൾ കുളിച്ച് ശുദ്ധമായി വേണം പോകാൻ. ദേഹശുദ്ധിയും മനഃശുദ്ധിയും ആവശ്യമാണ്. ഭക്തിയോടെ വേണം ക്ഷേത്രത്തിൽ പോകാൻ എന്നർത്ഥം. ഓരോ ക്ഷേത്രത്തിലും ധരിക്കേണ്ടതരം വസ്‌ത്രങ്ങളുണ്ട്. പഴയകാല ക്ഷേത്രങ്ങളിൽ മിക്കതിലും മുണ്ടുടുത്താകും പ്രവേശനം. ഷർട്ടും പാന്റും പോലെ പുത്തൻ വസ്‌ത്രങ്ങൾ ധരിച്ച് കയറാവുന്ന ഇടങ്ങളുമുണ്ട്. ഏത് തരം ആരാധനാലയം ആയാലും അവിടത്തെ ചിട്ടകൾ പാലിക്കാൻ മറക്കരുത്.

സ്‌ത്രീകൾ മുടിയഴിച്ച് ക്ഷേത്രദർശനം നടത്തരുത്. തലയിലോ ദേഹത്തോ എണ്ണയോ തൈലമോ പുരട്ടിയോ ചെരുപ്പ്,​ തലപ്പാവ്,​ തൊപ്പി ഇവയൊക്കെ വച്ചോ ക്ഷേത്രത്തിനുള്ളിൽ ആരും പ്രവേശിക്കുന്നത് ഉചിതമല്ല. ദർശനത്തിനെത്തുന്നവർ ചുവപ്പ്,​ കടും നീല,​ കടും പച്ച തുടങ്ങി നിറങ്ങളിലെ വസ്‌ത്രങ്ങൾ ധരിക്കരുത്.

വിവാഹം കഴിഞ്ഞയുടൻ വധൂവരന്മാർ ക്ഷേത്രദർശനം നടത്തുക പതിവില്ല. ലഹരിവസ്‌തുക്കളുപയോഗിച്ചും ക്ഷേത്രചുറ്റുമതിലിനുള്ളിൽ കയറരുത്. വലിയ ബലിക്കല്ല്,​ ബലിക്കല്ല് പോലുള്ളവയിലൊന്നും തൊടരുത്. നിവേദ്യ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാനോ തൊഴാനോ പാടില്ല. ക്ഷേത്രത്തിലെത്തുമ്പോൾ ഈശ്വരന് അർച്ചിക്കാനുള്ള പൂവോ,​ മാലയോ,​ കർപ്പൂരമോ,​ എണ്ണയോ നെയ്യോ പോലെയുള്ളവ കൈയിൽ കരുതേണ്ടതും അത്യാവശ്യമാണ്. മറ്റുള്ളവർ കേൾക്കെ ഉറക്കെ സംസാരിക്കുന്നതും ഒഴിവാക്കുക.