അന്തരീക്ഷം ബഹിരാകാശത്തേക്ക് പോകും, സമുദ്രം വായുവിൽ വിസ്‌ഫോടനം നടത്തും; ഓഗസ്റ്റ് 12ന് ഇതെല്ലാം സംഭവിക്കുമോ?

Friday 30 January 2026 12:02 PM IST

ബഹിരാകാശനിലയങ്ങളിലെത്തുന്നവരുടെ വീഡിയോകൾ നാം ദിനംപ്രതി കാണാറുണ്ട്. അവർ പറന്നുനടക്കുന്നതും ഉറങ്ങുന്നതും വെള്ളം കുടിക്കുന്നതും ഏറെ കൗതുകത്തോടെയാണ് നാം കണ്ടിരുന്നത്. എന്നാൽ ഈ അവസ്ഥ ഭൂമിയിലുണ്ടായാലോ? നിലത്ത് കാലുകുത്താൻപോലും കഴിയാതെ പറന്നുനടക്കുന്നതും, വാഹനങ്ങൾ കളിപ്പാട്ടങ്ങൾ പോലെ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നതിനെക്കുറിച്ച് ഒരു തവണയെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

അത്തരത്തിലൊരു പ്രചാരണമാണ് അടുത്തക്കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമായത്. ഇൻസ്റ്റഗ്രാമിലും ടിക്‌ടോക്കിലും 'പ്രൊജക്ട് ആങ്കർ 2026' എന്ന ഹാഷ്‌ടാഗോടെയാണ് ബഹിരാകാശ ഏജൻസികൾ മറച്ചുവച്ച സത്യമെന്ന പേരിൽ ചില കാര്യങ്ങൾ പ്രചരിക്കുന്നത്. ടിക്ടോക്കിൽ 'ഫിയറി ബൈ നേച്ചർ' എന്ന പേരുള്ള ഒരു പേജിൽ നിന്നാണ് പുതിയ വിവരം പുറത്തായത്. 2026 ഓഗസ്റ്റ് 12ന് ഭൂമിയുടെ മാന്ത്രികശക്തിയായ ഗുരുത്വാകർഷണബലം കൃത്യം ഏഴ് സെക്കൻഡ് ഇല്ലാതാകുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. കോടികണക്കിനാളുകൾ ഇതുവരെ ഭൂമിക്ക് ഗുരുത്വാകർഷണം നഷ്ടപ്പെടുമെന്നതരത്തിലുള്ള പോസ്റ്റുകൾ കണ്ടുകഴിഞ്ഞു.

ഏഴ് സെക്കൻഡ് നേരത്തേക്ക് ഗുരുത്വാകർഷണം നഷ്ടപ്പെട്ടാൽ 40 ദശലക്ഷം മരണം സംഭവിക്കുമെന്നും ദീർഘകാല സാമ്പത്തിക തകർച്ചയ്ക്കും ആഗോള പരിഭ്രാന്തിക്കും കാരണമാകുമെന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ഈ വിവരങ്ങൾ നാസയ്ക്ക് അറിയാമെന്നും പ്രൊജക്ട് ആങ്കറെന്ന രഹസ്യ പേരിൽ നീക്കങ്ങൾ നടത്തുകയാണെന്നുമാണ് ഒരു ഉപയോക്താവ് ടിക്ടോക്കിൽ കുറിച്ചത്. നാശനഷ്ടങ്ങൾ പരിഹരിക്കാൻ നാസ രഹസ്യമായി 89 ബില്യൺ ഡോളർ അനുവദിച്ചെന്നും പോസ്റ്റുകളിൽ പറയുന്നുണ്ട്.

രഹസ്യരേഖ

2024 നവംബറിൽ ഓൺലൈനിൽ ചോർന്നതായി ആരോപിക്കപ്പെടുന്ന "പ്രൊജക്റ്റ് ആങ്കർ" എന്ന നാസയുടെ ഒരു രഹസ്യ രേഖയിൽ ഈ വിവരങ്ങൾ ഉണ്ടെന്നാണ് പോസ്റ്റുകളിൽ പറയുന്നത്. 2014ൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 12ന് ഇന്ത്യൻ സമയം രാത്രി 08.03ന് സംഭവിക്കുന്ന പ്രതിഭാസത്തിൽ നിന്ന് അതിജീവനം ഉറപ്പാക്കുക എന്നതാണ് രഹസ്യ പദ്ധതിയുടെ ലക്ഷ്യം.

ഇതിൽ ആദ്യമൊന്നും നാസ യാതൊരു പ്രതികരണവും രേഖപ്പെടുത്തിയിരുന്നില്ല. വിഷയം ജനങ്ങൾക്കിടയിൽ കൂടുതൽ ആശങ്ക പടർത്തിയപ്പോഴാണ് അവർ ഔദ്യോഗികമായി പ്രതികരിച്ചത്. ഭൂമിക്ക് ഗുരുത്വാകർഷണബലം നഷ്ടപ്പെടുമെന്നത് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യമാണെന്നായിരുന്നു നാസയുടെ പ്രതികരണം. ഭൂമിക്ക് മാസ് (പിണ്ടം) ഉള്ളിടത്തോളം കാലം ഗുരുത്വാകർഷണം നഷ്ടപ്പെടില്ലെന്നാണ് നാസ പറയുന്നത്. 2026 ഓഗസ്​റ്റ് 12ന് യൂറോപ്പിന്റെയും ആർട്ടിക് മേഖലയുടെയും ചില ഭാഗങ്ങളിൽ പൂർണ സൂര്യഗ്രഹണം സംഭവിക്കുമെന്നും അത് ഭൂമിയുടെ ഗുരുത്വാകർഷണത്തെ ബാധിക്കില്ലെന്നും നാസ അറിയിച്ചിട്ടുണ്ട്. ഐസക് ന്യൂട്ടന്റെ സിദ്ധാന്തങ്ങളിൽ പറയുന്നതനുസരിച്ച് ഗുരുത്വാകർഷണബലം പെട്ടെന്ന് നിന്നുപോകില്ല.

പക്ഷെ, ഈ ഗൂഢാലോചന സിദ്ധാന്തം ഇത്രയധികം വിശ്വസിക്കപ്പെടാൻ ചില കാരണങ്ങളുണ്ട്. ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ഗുരുത്വാകർഷണത്തെ ബാധിക്കില്ലെങ്കിലും റേഡിയോ തരംഗത്തെയും പക്ഷികളുടെ ദേശാടനത്തെയും സ്വാധീനിക്കും. ഈ ശാസ്ത്ര സത്യത്തെയാണ് ഗുരുത്വാകർഷണം പോകുമെന്ന് തെ​റ്റായി വ്യാഖ്യാനിക്കപ്പെട്ടത്. യഥാർത്ഥത്തിൽ ഭൂമിക്ക് ഗുരുത്വാകർഷണബലം നഷ്ടപ്പെട്ടാൽ എല്ലാം തകരാൻ ഏഴ് സെക്കൻഡ് പോലും വേണ്ട. അന്തരീക്ഷം സെക്കൻഡുകൾക്കുള്ളിൽ ബഹിരാകാശത്തേക്ക് പോകും. സമുദ്രങ്ങൾ വായുവിൽ വിസ്‌ഫോടനം നടത്തും തുടങ്ങിയ സംഭവവികാസങ്ങൾ ഉണ്ടാകും. ബഹിരാകാശ സഞ്ചാരികൾ അനുഭവിക്കുന്ന സീറോ ഗ്രാവി​റ്റി അവസ്ഥ ഭൂമിയിൽ സംഭവിക്കണമെങ്കിൽ ഭൂമിയുടെ ഭ്രമണവേഗത സെക്കൻഡിൽ 11 കിലോമീ​റ്ററിലധികമായിരിക്കണം. അത് അസാദ്ധ്യമായ കാര്യമാണ്.