മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ നീട്ടി സുപ്രീം കോടതി

Friday 30 January 2026 12:36 PM IST

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിലെ സ്റ്റേ നീട്ടി സുപ്രീം കോടതി. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ സ്റ്റേ ചെയ്‌ത നടപടിയാണ് സുപ്രീം കോടതി ഇന്ന് നീട്ടിയത്. കേസിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരടക്കം എതിർ കക്ഷികൾക്ക് കോടതി മുൻപ് നോട്ടീസ് നൽകിയിരുന്നു. മറുപടി നൽകാൻ മൂന്നാഴ്‌ച കൂടി സമയം നൽകണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്‌ത ആവശ്യപ്പെട്ടു. തുടർന്നാണ് സ്റ്റേ നീട്ടിയത്.

അതേസമയം മുനമ്പത്തെ കമ്മിഷൻ പ്രവർത്തനം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നില്ല. ഇതിൽ തൽസ്ഥിതി തുടരാനും കോടതി അനുവദിച്ചു. നേരത്തെ ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് 2025 ഡിസം‌ബർ 12ന് കോടതി സ്റ്റേ നൽകിയത്.

ഭൂമിയിൽ തൽസ്ഥിതി തുടരാനാണ് അന്ന് കോടതി നിർദ്ദേശിച്ചത്. മുനമ്പം ഭൂമി വഖഫ് ഭൂമി ആണോ അല്ലയോ എന്നത് കേരള ഹൈക്കാേടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജിയിലെ വിഷയമല്ലെന്നും പരിഗണനാവിഷയം മറികടന്നാണ് മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി വിധിച്ചതെന്നും ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങൾക്ക് സ്‌റ്റേ ബാധകമല്ല.

മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നടപടിയെടുത്തത്.