തിരുവനന്തപുരത്തെ ദുരൂഹത നിറഞ്ഞയിടം; ഡാർക്ക് ടൂറിസം ഇഷ്ടപ്പെടുന്നവർ ഈ സ്ഥലങ്ങൾ മറക്കേണ്ട

Friday 30 January 2026 1:42 PM IST

അവധിക്കാലം ചെലവഴിക്കാനും ജീവിതത്തിലെ സന്തോഷനിമിഷങ്ങൾക്ക് അല്പം കൂടി നിറം പകരാനുമാണ് മിക്കവരും യാത്ര ചെയ്യാറുള്ളത്. കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ ആസ്വദിക്കാനാണ് ഒരുകൂട്ടം ആളുകൾക്ക് ഇഷ്ടമെങ്കിൽ മ​റ്റൊരു വിഭാഗത്തിന്റെ ചിന്താതലം വ്യത്യസ്തമാണ്. അങ്ങനെയുള്ളവർ ഡാർക്ക് ടൂറിസം ഡെസ്​റ്റിനേഷനുകളാണ് തെരയുന്നത്. അവർ കൂടുതലും ചരിത്രത്തിലെ ദാരുണമായ സംഭവങ്ങൾ അരങ്ങേറിയ സ്ഥലങ്ങൾ സന്ദർശിക്കാനായിരിക്കും ആഗ്രഹിക്കുന്നത്. അത് ചിലപ്പോൾ പഠനത്തിന്റെയോ ഗവേഷണത്തിന്റെയോ ഭാഗമായിട്ടായിരിക്കാം. ഇന്ത്യയിലുള്ള ഡാർക്ക് ടൂറിസം സൈ​റ്റുകൾ പരിചയപ്പെടാം.

1. ജാലിയൻ വാലാബാഗ്, അമൃത്സർ (പഞ്ചാബ്) ഇന്ത്യയിലെ ഏ​റ്റവും പ്രധാനപ്പെട്ട ചരിത്രസ്ഥലങ്ങളിലൊന്നാണ് ജാലിയൻ വാലാബാഗ്. 1919ൽ ബ്രിട്ടീഷ് സൈന്യം നിരായുധരായ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ചെയ്ത സ്ഥലമാണിത്. ഇവിടെ എത്തുന്നവർക്ക് ഇപ്പോഴും മതിലുകളിൽ വെടിയുണ്ടകൾ പതിച്ചതും രക്ഷപ്പെടാനായി ആളുകൾ ഒളിച്ചിരുന്ന കിണറും, സ്മാരക സമുച്ഛയങ്ങളും കാണാം.

2. സെല്ലുലാർ ജയിൽ, പോർട്ട് ബ്ലെയർ (ആൻഡമാൻ നിക്കോബാർ ദ്വീപ്) കാലാപാനി എന്നാണ് സെല്ലുലാർ ജയിലിനെ പലപ്പോഴും വിളിക്കപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളെ പാർപ്പിച്ചിരുന്ന ജയിലാണിത്. ആ കാലത്ത് ജയിൽ വാസികൾ അങ്ങേയ​റ്റം ക്രൂര പീഡനങ്ങൾ അനുഭവിച്ചിരുന്നു. ഇവിടെ ഏകാന്ത സെല്ലുകൾ, തൂക്കുമരങ്ങൾ എന്നിവ കാണാം. ഇത് ദേശീയ സ്മാരകമാണ്. ഇന്ത്യയിലെ പ്രധാന ഡാർക്ക് ടൂറിസം കേന്ദ്രം കൂടിയാണിത്.

3. കാർഗിൽ യുദ്ധസ്മാരകം, ലഡാക്ക് 1999ലെ കാർഗിൽ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്ന തരത്തിലാണ് കാർഗിൽ യുദ്ധസ്മാരകം നിർമിച്ചിരിക്കുന്നത്. ഹിമാലയൻ മലനിരകളുടെ മനോഹാരിതയിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. വീരമൃത്യവരിച്ചവരുടെ പേരുകൾ, യുദ്ധ അവശിഷ്ടങ്ങൾ, യുദ്ധക്കളങ്ങളുടെ കാഴ്ചകൾ എന്നിവ കാണാം.

4. കുൽദാര ഗ്രാമം,​ ജയ്‌സാൽമീർ

ജയ്‌സാല്‍മീറിലെ മനുഷ്യന്‍ ഉപേക്ഷിച്ച ഗ്രാമമാണ് കുല്‍ദാര. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയാണ് ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാര്‍. ജയ്‌സാല്‍മീര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കുല്‍ദാര. ഈ ഗ്രാമങ്ങളില്‍ നിന്നും മനുഷ്യര്‍ ഒഴിഞ്ഞുപോയതിനെ ചൊല്ലി നിരവധി മിത്തുകളും കഥകളും പ്രചാരത്തിലുണ്ട്. യാത്ര കഴിഞ്ഞുതിരിച്ചെത്തിയാലും നിങ്ങളെ കുല്‍ദാരയിലെ ആളൊഴിഞ്ഞ വീടുകളും തെരുവുകളും അതേ ചൊല്ലിയുള്ള കഥകളും സ്വാധീനിച്ചേക്കാം.

5. ബോണക്കാട് ബംഗ്ലാവ്,​ തിരുവനന്തപുരം

ഒന്നര നൂറ്റാണ്ടുമുമ്പ് വെള്ളക്കാര്‍ തേയിലകൃഷി ആരംഭിച്ച സ്ഥലമാണ് തിരുവനന്തപുരത്തെ ബോണക്കാട്. വെള്ളക്കാരനായ എസ്‌റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 ജിബി എന്നു പേരിട്ട ഈ ബംഗ്ലാവില്‍ കഴിഞ്ഞിരുന്നത്. മാനേജരുടെ 13 കാരിയായ മകള്‍ ബംഗ്ലാവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഇംഗ്ലീഷുകാരനും കുടുംബവും മടങ്ങിയെങ്കിലും ദുരൂഹത നിറഞ്ഞുനിന്നു. പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കരികിലും മറ്റും പെണ്‍കുട്ടിയുടെ രൂപം കണ്ടുവെന്നും അവളുടെ ചിരികള്‍ കേട്ടുവെന്നും പറയുന്നു. വിറകു പെറുക്കാനെത്തിയ നാട്ടുകാരി പെണ്‍കുട്ടി തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങിയെന്ന കഥയുമുണ്ട്.