അരുവിക്കര ഡാമിലെ ചെളിനീക്കം: ആശങ്കയിലാക്കി കുടിവെള്ള വിതരണം

Saturday 31 January 2026 3:02 AM IST

 ജലം ശുദ്ധീകരിക്കാൻ അമിതമായി രാസവസ്തുക്കൾ ഉപയോഗിക്കേണ്ടിവരുന്നു

 ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്ക

തിരുവനന്തപുരം:അരുവിക്കര ഡാമിലെ എക്കലും മണലും നീക്കംചെയ്യുന്നത് നീളുന്നതോടെ ആശങ്കയിലായി കുടിവെള്ള വിതരണം.മഴക്കാലത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ ചെളിവെള്ളം കൂടുന്നതിനാൽ ശുദ്ധീകരണത്തിന് അമിതമായി രാസവസ്തുക്കൾ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും അത് ശുദ്ധീകരണശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ മേലുദ്ധ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. വേനൽ അവസാനിക്കുന്നതുവരെ അരുവിക്കര ഡാമിലെ ചെളിനീക്കം നിറുത്തിവയ്ക്കണമെന്നാണ് ആവശ്യം. ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കം ചെയ്യാനുള്ള ഡിസിൽറ്റേഷൻ കഴിഞ്ഞ ഫെബ്രുവരി 11നാണ് തുടങ്ങിയത്. റിസർവോയറിലെ 8 സ്ഥലങ്ങളിൽ ഡ്രഡ്ജിംഗ് നടത്തിയാണ് മണ്ണ് നീക്കം ആരംഭിച്ചത്.എന്നാൽ, അശാസ്ത്രീയമായ രീതിയിൽ മണൽ മാത്രം ഊറ്റിയെടുക്കാൻ തുടങ്ങിയതോടെ വെള്ളം ചെളിവെള്ളമാവുകയും ഡാമിലെ വെള്ളവുമായി കലരുകയുമായിരുന്നു. മഴക്കാലത്ത് അധികമായി വെള്ളം ലഭിച്ചിരുന്നതിനാൽ ചെളിവെള്ളം നേരത്തെ പ്രശ്നമായിരുന്നില്ല.എന്നാൽ, മഴയില്ലാതായതോടെ ചെളിവെള്ളത്തിന്റെ അളവ് കൂടുകയും അത് ശുദ്ധീകരിക്കാൻ വലിയ തോതിൽ രാസവസ്തുക്കൾ ഉപയോഗിക്കേണ്ട അവസ്ഥയിലുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കരാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നു

ഡ്രഡ്ജിംഗ് നടത്തുന്ന ഭാഗത്തെ ചെളിവെള്ളം പ്രത്യേകം ബണ്ട് കെട്ടി തയ്യാറാക്കുന്ന കുളങ്ങളിൽ ശേഖരിക്കുകയും ചെളി നീക്കിയശേഷം ജലസംഭരണിയിലേക്ക് തുറന്നുവിടുകയും ചെയ്യുമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ കരാറുകളൊന്നും പാലിക്കപ്പെടുന്നില്ല.താത്കാലിക ബണ്ട് സ്ഥാപിക്കുക,വെല്ലുവിളി കുറഞ്ഞ സ്ഥലങ്ങളിൽ ആദ്യം ഡ്രെഡ്ജിംഗ് നടത്തുക,മഴക്കാലത്ത് ഡാമിന്റെ ഷട്ടർ തുറന്നിരിക്കുമ്പോൾ മാത്രം മറ്റിടങ്ങളിൽ ചെളിനീക്കം നടത്തുക,ഡ്രെഡ്ജിംഗ് പോയിന്റുകൾ മാറ്രുമ്പോൾ വാട്ടർ അതോറിട്ടിയെ അറിയിച്ച് പരിശോധന നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വാട്ടർ അതോറിട്ടി മുന്നോട്ടുവച്ചിരുന്നത്.

3000 കിലോഗ്രാം രാസവസ്തുക്കൾ

ചെളിവെള്ളത്തിന്റെ അളവ് കൂടിയതോടെ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് ഇരട്ടിയിലധികമായെന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പ് ഒരു പ്ലാന്റിലെ ജലം ശുദ്ധീകരിക്കാൻ ഒരുതവണ 250 മുതൽ 300 കിലോഗ്രാം വരെ രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നപ്പോൾ 3000 കിലോഗ്രാം വരെ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇത് ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോയെന്ന് ആശങ്കയുണ്ടെന്നും എക്സിക്യുട്ടീവ് എൻജിനിയർറുടെ റിപ്പോർട്ടിൽ പറയുന്നു.

 നാല് ശുദ്ധീകരണ പ്ലാന്റുകൾ (300 എം.എൽ.ഡി)

 ജലശുദ്ധീകരണത്തിനുള്ള രാസവസ്തുക്കൾ- ആലം, കുമ്മായം, ക്ലോറിൻ

 മാർച്ച് മുതൽ സെപ്തംബർ വരെയുള്ള ചെലവ്- 79,29,422 രൂപ

 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ചെലവ്- 53,14,927 രൂപ