കിൻഫ്ര വ്യവസായ പാർക്ക് തേടി നിക്ഷേപകർ: ആയിരം ഏക്കർ ആവശ്യപ്പെട്ട് ഗ്ളോബൽ ഗോൾഡ് സിറ്റി
കണ്ണൂർ: സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകും മുൻപ് മട്ടന്നൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ വൻനിക്ഷേപ വാഗ്ദാനം.
ആഗോള സ്വർണവ്യവസായരംഗത്ത് ചുവടുറപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്‌സിക്ക എന്ന കമ്പനിയാണ് ഗ്ലോബൽ ഗോൾഡ് സിറ്റി സ്ഥാപിക്കുന്നതിന് ആയിരം ഏക്കർ ഭൂമി മട്ടന്നൂർ പാർക്കിൽ ആവശ്യപ്പെട്ടിടുള്ളത്.ഇതിനുള്ള ധാരണാപത്രം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒപ്പിട്ടു. മട്ടന്നൂരിൽ നിലവിൽ 128 ഏക്കറിലാണ് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് പ്രവർത്തിക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറിയിൽ നിലവിൽ 16 സംരംഭങ്ങളാണുള്ളത്. ഇതിനു പുറമേ ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിനായി മൂന്നു പാഴ്‌സലുകളായി 1054 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി 2018 കോടി രൂപ ചെലവഴിച്ച്, മട്ടന്നൂർ ടൗണിനും വിമാനത്താവളത്തിനും മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനായി സ്ഥലം ഏറ്റെടുത്ത് വ്യവസായത്തിന് അടിസ്ഥാനസൗകര്യമൊരുക്കുന്നത്.മന്ത്രി പി. രാജീവ്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി.വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ഗോൾഡ്‌സിക്ക എം.ഡി എസ് തരൂജും കിൻഫ്ര എം.ഡി.സന്തോഷ് കോശി തോമസും തിരുവനന്തപുരത്ത് പദ്ധതിയുടെ ധാരണാപത്രം കൈമാറി.
3.5 ലക്ഷം കോടി നിക്ഷേപം
പത്തുലക്ഷം തൊഴിലവസരം
വിവിധ ഘട്ടങ്ങളിലായി ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും നേരിട്ടും അല്ലാതെയും പത്തുലക്ഷത്തോളം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന പദ്ധതിയാണ് ഗ്ളോബൽ ഗോൾഡ് സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വർണ അയിരിന്റെ ശുദ്ധീകരണം മുതൽ ഡിസൈനിംഗും ആഭരണ നിർമ്മാണവും വരെയുള്ള മുഴുവൻ തുടർ നടപടികളും ചെയ്യാനാകും വിധത്തിലാണ് ഗോൾഡ് സിറ്റി വിഭാവനം ചെയ്യുന്നത്.
ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു
ഒന്നാം ലാൻഡ് പാഴ്‌സലായി വെള്ളപ്പറമ്പിൽ പട്ടന്നൂർ, കീഴല്ലൂർ വില്ലേജുകളിലായി 474 ഏക്കർ ഭൂമി 842 കോടി രൂപയ്ക്ക് ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോട് ചേർന്ന് പനയത്താംപറമ്പിൽ അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി മറ്റൊരു 500 ഏക്കർ ഭൂമികൂടി രണ്ടാം പാഴ്‌സലായി ഏറ്റെടുക്കുന്നതിന് 1076 കോടി രൂപ റവന്യുവകുപ്പിന് നൽകിയിട്ടുണ്ട്. ഇതിൽ 170 ഏക്കർ ഭൂമി ഇതിനോടകം ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവിടെ 50 ഏക്കർ സ്ഥലത്ത് സയൻസ് ആൻഡ് ഐ.ടി പാർക്ക് സ്ഥാപിക്കാൻ സർക്കാർ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.
കണ്ണൂർ ലാൻഡ് പാഴ്‌സലിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും മുൻപുതന്നെ ഇവിടെ വലിയൊരു നിക്ഷേപത്തിന് വാഗ്ദാനമുണ്ടായത് കേരളത്തിന്റെ വ്യാവസായികാന്തരീക്ഷത്തോട് നിക്ഷേപകർ പുലർത്തുന്ന വിശ്വാസത്തിന്റെ തെളിവാണ്. കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ഇത് സഹായകമാകും. കണ്ണൂരിൽ വ്യവസായ വികസന അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ കിൻഫ്ര നടപടി തുടങ്ങിയിട്ടുണ്ട്.
പി. രാജീവ് ,വ്യവസായ വകുപ്പ് മന്ത്രി