പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചയാൾക്ക് 43വർഷം തടവ്

Saturday 31 January 2026 12:04 AM IST

തിരുവനന്തപുരം: സർക്കാർ ഹോസ്റ്റലിലെ 12കാരിയെ പീഡിപ്പിച്ച 56കാരന് 43വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. വെങ്ങാനൂർ സ്വദേശിയായ രാജൻ (56) പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധികം തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ് ഉത്തരവ്. സർക്കാർ ഹോസ്റ്റലിലെ ക്ലീനറായ രാജൻ മിഠായി നൽകി പ്രലോഭിപ്പിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. 2021സെപ്തംബറിലും ഒക്ടോബറിലുമായിരുന്നു സംഭവം. രണ്ടാമത്തെ പീഡനം നടന്ന ദിവസം അസ്വഭാവിക സാഹചര്യത്തിൽ പ്രതിയോടൊപ്പം കുട്ടിയെ കണ്ട മറ്റൊരു ജീവനക്കാരൻ വിവരം തിരക്കിയപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്.

ആദ്യം പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പ്രതി പിഴയൊടുക്കിയാൽ കുട്ടിക്ക് നൽകണമെന്നും സർക്കാർ സഹായനിധിയിൽ നിന്ന് അർഹമായ ധനസഹായം ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.