ഒരുമാസത്തെ ഗതാഗത നിയന്ത്രണം, അതിർത്തി ഗ്രാമങ്ങളിൽ യാത്രാദുരിതം
ആലപ്പുഴ: വെറ്റമുക്ക്- തേവലക്കര, മണപ്പള്ളി-കാഞ്ഞിരത്തിൻമൂട്- താമരക്കുളം റോഡ് നവീകരണത്തിനായി ഒരുമാസത്തേക്ക് അടച്ചതോടെ
നട്ടം തിരിഞ്ഞ് യാത്രക്കാർ. കിഫ്ബി പദ്ധതി പ്രകാരമുള്ള നവീകരണത്തിന്റെ രണ്ടാംഘട്ട ടാറിംഗിനാണ് ദേശീയ പാതയെയും കൊല്ലം - തേനി പാതയേയും ബന്ധിപ്പിക്കുന്ന 20 കിലോമീറ്ററോളം റോഡിൽ ഗതാഗതം നിരോധിച്ചത്.ഇതോടെ, ജില്ലയുടെ തെക്ക് കിഴക്കൻ അതിർത്തി ഗ്രാമങ്ങളിലെ യാത്ര ദുരിതത്തിലായി. ജില്ലാ അതിർത്തിയായ മണപ്പള്ളിയിൽ നിന്ന് കാമ്പിശേരി, കാഞ്ഞിരത്തിൻമൂട്, പുത്തൻചന്ത, ചൂനാട്, ഓച്ചിറ റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കാമ്പിശേരി ജംഗ്ഷൻ മുതൽ ചൂനാട് വരെയുള്ള ടാറിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. കാമ്പിശേരി ജംഗ്ഷൻ വഴി വരുന്ന വാഹനങ്ങൾ കോട്ടപ്പുഴയ്ക്കൽ- തഴവ റോഡ് വഴി ഓച്ചിറയിലേക്കോ, കായംകുളം -പുനലൂർ റോഡിലേക്കോ പ്രവേശിക്കാനാണ് നിലവിലെ നിർദേശം.
വേനൽക്കാലം നിർമ്മാണ പ്രവർത്തനങ്ങളുടെ സീസണായതിനാൽ സ്വകാര്യ ആവശ്യത്തിനും പൊതുമരാമത്ത് ജോലികൾക്ക് ഉൾപ്പടെയുള്ള സർക്കാർ പദ്ധതികൾക്കും ദേശീയ പാത വികസനത്തിനും ആവശ്യമായ ക്വാറി ഉൽപ്പന്നങ്ങളും മണ്ണും മറ്റ് സാധനസാമഗ്രികളുമായെത്തുന്ന വാഹനങ്ങൾ കിലോ മീറ്ററുകളാണ് അധികമായി ഓടേണ്ടി വരുന്നത്.
മാത്രമല്ല, ഉത്സവകാലം കൂടിയായതിനാൽ നാട്ടിൻ പുറങ്ങളിലെ ആഘോഷ പരിപാടികളെയും ഗതാഗത പരിഷ്കാരം ബാധിച്ചിട്ടുണ്ട്.
രണ്ടാംഘട്ട ടാറിംഗ് പുരോഗതിയിൽ
1.കൊല്ലം - ആലപ്പുഴ ജില്ലകളുടെ അതിർത്തി പഞ്ചായത്തുകളായ തഴവ, ശൂരനാട്, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ്, കൃഷ്ണപുരം , ഓച്ചിറ, എന്നിവിടങ്ങളിലുള്ളവർക്ക് താമരക്കുളം മാർക്കറ്റ്, ചാരുംമൂട് ടൗൺ, ചൂനാട് ജംഗ്ഷൻ,ഓച്ചിറ എന്നിവിടങ്ങളിൽ എത്തിച്ചേരണമെങ്കിൽ
കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം
2.വള്ളികുന്നം പഞ്ചായത്തിന്റെ ഗ്രാമവണ്ടിയുൾപ്പെടെ കെ.എസ്.ആർ.ടി.സി സർവീസുകളും സ്വകാര്യ ബസുകളും കിലോമീറ്ററുകൾ അകലെയുള്ള റോഡിലേക്ക് തിരിഞ്ഞതോടെ കാമ്പിശേരി- കാഞ്ഞിരത്തിൻമൂട്, താമരക്കുളം- ചൂനാട് റോഡിലെ ഗതാഗതം വലിയ സാഹസമായി
3.റോഡുപണിയുടെ പേരിൽ ഓട്ടോറിക്ഷകൾ പോലും ഓട്ടംവരാൻ വിസമ്മതിക്കുന്നതിനാൽ ചികിത്സ ഉൾപ്പടെയുള്ള അത്യാവശ്യങ്ങൾ നിറവേറ്റാനും മാർഗമില്ലാത്ത സ്ഥിതിയാണ്. പരീക്ഷകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രയും വട്ടംകറങ്ങിയാണ്
4.സ്വകാര്യ ബസുകൾ ഉൾപ്പെടെ വഴിതിരിഞ്ഞതോടെ വള്ളികുന്നം അമൃത സ്കൂൾ,ചത്തിയറ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രയും ക്ളേശപൂർണമായി. ഇരുചക്ര വാഹനങ്ങളും അവശ്യ സർവീസുകളും ഒരു ലൈനിലൂടെ കടന്നുപോകാനാകുമെന്നതാണ് ഏക ആശ്വാസം
ടാറിംഗ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കിവരികയാണ്. ഒരുമാസത്തിനകം ഗതാഗതം സാധാരണ നിലയിലാകും.
- കിഫ്ബി, പ്രോജക്ട് ഡിവിഷൻ