ഗോഡ്‌സെയുടെ ചിന്തകൾ പിന്തുടരുന്നവർ നടപ്പാക്കുന്നത് ഭിന്നിപ്പിന്റെ രാഷ്‌ട്രീയം : സുഭാഷിണി അലി
കണ്ണൂർ:ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ ചിന്തകൾ പിന്തുടരുന്നവർ രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്‌ട്രീയമാണ് നടപ്പാക്കുന്നതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു . അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച വർഗീയതയ്‌ക്കെതിരെ ബഹുജനസംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ.
സംഘപരിവാർ സാധാരണക്കാരുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും മുഖംതിരിച്ച് മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിച്ച് വർഗീയകലാപങ്ങൾ സൃഷ്‌ടിക്കുന്നു. ഇൗ സാഹചര്യത്തിൽ ഭരണഘടനയുടെയും ഗാന്ധിജിയുടെ ജീവത്യാഗത്തിന്റെയും പ്രസക്തി നാൾക്കുനാൾ വർദ്ധിക്കുകയാണ്. ആർ.എസ്.എസ് –ബി.ജെ.പി ഭരിക്കുന്ന രാജ്യത്ത് ഭരണഘടനയെ നിരന്തരം കടന്നാക്രമിക്കുകയും ഗാന്ധിജിയെ നിന്ദിക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായി നടക്കുന്നതല്ല. കഴിഞ്ഞ മാസം പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിയമനിർമാണം നടത്തി അതിൽ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കി. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതിയാണ് ബി.ജെ.പി–ആർ.എസ്.എസും പിന്തുടരുന്നത്. ബ്രിട്ടീഷുകാർ ഒരുപാട് ഭൂപ്രഭുക്കളെയാണ് പിന്തുണച്ചതെങ്കിൽ ബി.ജെ.പി സർക്കാർ രാജ്യത്തെ രണ്ടു കോർപറേറ്റുകൾക്കാണ് തീറെഴുതികൊടുക്കുന്നതെന്നും സുഭാഷിണി അലി പറഞ്ഞു.