ചാലക്കുടിപ്പുഴയിൽ മത്സ്യക്കുരുതി

Saturday 31 January 2026 12:57 AM IST

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊന്തുന്നു. രണ്ടാഴ്ചയായി ഇങ്ങനെ കണ്ടുവരുന്നുണ്ടെന്ന് പുഴയിൽ പ്രാദേശികമായി മീൻ പിടിക്കുന്നവർ പറയുന്നു. കൂടുതലും കരിമീനുകളാണ് ചാകുന്നത്. പരൽ, മുഷി, ആരൽ തുടങ്ങിയ മത്സ്യങ്ങളും ചത്തനിലയിൽ ഒഴുകിപ്പോകുന്നുണ്ട്. രാവിലെ മുതലാണ് ഇത്തരത്തിൽ കൂടുതൽ പ്രകടമാകുന്നത്. രാത്രികാലങ്ങളിൽ ഏതെങ്കിലും കമ്പനികളിൽ നിന്നും രാസപദാർത്ഥങ്ങൾ പുഴയിലേക്ക് തള്ളുന്നതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. പരിയാരം സി.എസ്.ആർ കടവ് മുതൽ താഴേയ്ക്കുള്ള ഭാഗങ്ങളിലാണ് വ്യാപകമായി മത്സ്യക്കുരുതിയുടെ ദൃശ്യങ്ങൾ പ്രകടമാകുന്നത്. പുഴയിൽ വ്യാപകമായിരിക്കുന്ന നീർനായകളുടെ ആക്രമണമാണ് മത്സ്യങ്ങൾ ചത്തുപൊന്തുന്നതിന് ഇടയാക്കുന്നതെന്നും സംശയിക്കുന്നുണ്ട്. വെട്ടുകടവ് പാലത്തിന് സമീപം ഇന്നലെ നിരവധി ചത്ത കരിമീനുകളെ കണ്ടെത്തി. വിവരം അറിഞ്ഞ് മത്സ്യഭവനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു.