അഞ്ച് മാസമായി കൃഷി ഓഫീസറില്ല, ഉപ്പുതറ കൃഷിഭവനിൽ പദ്ധതികൾ താളം തെറ്റുന്നു
കട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് കൃഷിഭവനിൽ സ്ഥിരം ഓഫീസർ ഇല്ലാതെ അഞ്ച് മാസം പിന്നിട്ടതോടെ പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റുന്നു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായിരുന്ന ധന്യ ജോൺസൻ കഴിഞ്ഞ ഓഗസ്റ്റിൽ സ്ഥലം മാറിപ്പോയശേഷം ഉപ്പുതറയിൽ സ്ഥിരം ഓഫീസറെ നിയമിച്ചിട്ടില്ല. പകരം അയ്യപ്പൻകോവിൽ കൃഷി ഓഫീസർക്ക് ആഴ്ചയിൽ രണ്ടു ദിവസം അധികച്ചുമതല നൽകുകയായിരുന്നു. എന്നാൽ എല്ലാ ദിവസവും ഓഫീസറുടെ സേവനം കിട്ടാതായതോടെ രണ്ട് കൃഷിഭവനിലും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന കർഷകർ ബുദ്ധിമുട്ടിലായി. കഴിഞ്ഞ ദിവസം അയ്യപ്പൻ കോവിൽ കൃഷി ഓഫീസർ പ്രസവ അവധിയിൽ പ്രവേശിച്ചതോടെ ഇരട്ടയാറിലെ കൃഷി ഓഫീസർക്ക് ഉപ്പുതറയിൽ അധികച്ചുമതല നൽകിയിരിക്കുകയാണ്.
അവഗണന മികച്ച കർഷക
കൂട്ടായ്മകളുള്ള പഞ്ചായത്തിനോട്
വ്യത്യസ്ഥമായ വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന കർഷക കൂട്ടായ്മകളുള്ള പഞ്ചായത്താണ് ഉപ്പുതറ. മേമാരി ആദിവാസി ഉന്നതിയിലെ വനിത കർഷക കൂട്ടായ്മയും മികച്ച പ്രകടനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടിയിരുന്നു. കൃഷി ഓഫീസറുടെ മേൽനോട്ടവും, കാര്യക്ഷമമായ ഇടപെടലും ഇക്കാര്യത്തിൽ കർഷക കൂട്ടായ്മകൾക്ക് കിട്ടിയിരുന്നു. 2026 - 27ലെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ച് ജില്ലാ പ്ലാനിങ് ബോർഡിന്റെ അംഗീകാരം തേടണ്ട സന്ദർഭമാണ്. ബഡ്ജറ്റിന് മുമ്പ് പുതിയ കാർഷിക പദ്ധതി തയ്യാറാക്കി വികസന സെമിനാറിൽ അവതരിപ്പിക്കണം. ഫെബ്രുവരി 15ന് മുമ്പ് നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്താൻ കഴിയുകയുള്ളു. ഇക്കാര്യത്തിലെല്ലാം കൃഷി ഓഫീസറുടെ സേവനം വേണം. കർഷകരുടെ മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും കൃഷി ഓഫീസർ ഇല്ലാത്തത് തിരിച്ചടിയാണ്.
'' അടിയന്തിരമായി കൃഷി ഓഫീസറെ നിയമിക്കണം എന്നാവശ്യപ്പെട്ട് അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം പാസാക്കി കൃഷിമന്ത്രി, കൃഷി ഡയറക്ടർ എന്നിവർക്ക് നൽകും. രാഷ്ട്രിയമായും സർക്കാരിൽ സമ്മർദ്ദം ചെലുത്തും''
ഷീല രാജൻ ( പഞ്ചായത്ത് പ്രസിഡന്റ് )