ലൈംഗികാതിക്രമം: 47കാരന് 11 വർഷം കഠിനതടവ്
ചാവക്കാട്: പതിനാലുകാരനെ ലൈംഗികാതിക്രമം നടത്തിയ 47 വയസുകാരന് 11 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ക്രിസ്മസ് വെക്കേഷൻ സമയത്ത് ഞായറാഴ്ച്ച പ്രവർത്തിക്കാത്ത ഹോട്ടലിലേക്ക് വിളിച്ചുകയറ്റി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഗുരുവായൂർ നഗരസഭ പൂക്കോട് വില്ലേജ് തൊഴിയൂർ മാങ്കുന്നത്തേൽ വീട്ടിൽ മുഹമ്മദ് മകൻ കാസിമിനെയാണ് (47) ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 11 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനും വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ കുട്ടിക്ക് നൽകാനും ഉത്തരവായി. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ജാൻസികുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ സി.ഐ വി.സി.സൂരജ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്, അഡ്വ.സി.നിഷ എന്നിവർ ഹാജരായി.