കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്കും അസിസ്റ്റന്റിനും 5 വർഷം കഠിന തടവ്
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുൻ വില്ലേജ് ഓഫീസർക്കും വില്ലേജ് അസിസ്റ്റന്റിനും തലശ്ശേരി വിജിലൻസ് കോടതി അഞ്ചു വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിക്കുന്ന് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കണ്ണൂർ 2 മുൻ വില്ലേജ് ഓഫീസറും കണ്ണൂർ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാറുമായ കെ.വി ഷാജുവിനും, കണ്ണൂർ 2 വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റ് സി.വി പ്രദീപിനുമാണ് വിജിലൻസ് കോടതി ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷ വിധിച്ചത്. കോടതി വിധി പ്രകാരം കുടുംബ സ്വത്തിന്റെ ഒരു ഭാഗം പരാതിക്കാരന് ലഭിച്ചതിനെ തുടർന്ന് നികുതി അടയ്ക്കാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നികുതി സ്വീകരിക്കുന്നതിനായി അന്നത്തെ വില്ലേജ് ഓഫീസറായ ഷാജു 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ഭൂമി അളക്കൽ നടപടികളുടെ ഭാഗമായി ആദ്യ ഗഡുവായി 9,000 രൂപ വാങ്ങുകയും ചെയ്തു. തുടർന്ന് ബാക്കി 1,000 രൂപ കൂടി നൽകണമെന്ന് ഷാജു പരാതിക്കാരനിൽ നിന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക കൈമാറുന്നതിനിടെയാണ് പ്രതികളെ കൈയോടെ പിടികൂടിയത്. അന്വേഷണത്തിൽ, അന്നത്തെ വില്ലേജ് അസിസ്റ്റന്റായിരുന്ന സി.വി പ്രദീപിനും കൈക്കൂലി ഇടപാടിൽ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.