കോവളത്ത് പവിഴ ജീവികൾക്ക് പുതുജീവൻ
വിഴിഞ്ഞം: കോവളത്ത് പവിഴ ജീവികൾക്ക് പുതുജീവനായതായി കണ്ടെത്തൽ. മുൻപ് നാശത്തിന്റെ വക്കോളമെത്തിയ കോറലുകൾക്കാണ് ഇപ്പോൾ പുത്തനുണർവ് വന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഫ്രണ്ട് ഒഫ് മറൈൻ ലൈഫും(എഫ്.എം.എൽ) സ്‌ക്യൂബാ കൊച്ചിനും കടലിന്റെ അടിത്തട്ടിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. കോവളം ലീല ബീച്ചിലെ മൂക്കംമലയോട് ചേർന്നുള്ള ചെറുപ്രദേശത്താണ് കോറലുകളുടെ സാന്നിദ്ധ്യം കണ്ടത്. ഈ ഭാഗത്ത് സ്ഥിരമായി അടിഞ്ഞുകൂടുന്ന പ്രേതവലകളും പ്ലാസ്റ്റിക്കുകളും,ആൽഗേകളുമാണ് കോറലുകൾക്ക് ഭീഷണിയായിരുന്നത്.
ഇക്കഴിഞ്ഞ മേയിൽ എഫ്.എം.എല്ലിന്റെ നേതൃത്വത്തിൽ കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ ശുചീകരിച്ചതു സംബന്ധിച്ച് മേയ് 7ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. കടലിനടിയിലെ കോറൽസ്,ബ്രയോസോൻസ് മുതലായ സഞ്ചരിക്കാൻ സാധിക്കാത്ത ജീവികളുടെ പുറത്ത് പറ്റിപ്പിടിച്ച് വളർന്നിരുന്ന പായലുകളെയാണ് അന്ന് നീക്കം ചെയ്തത്.
കഴിഞ്ഞദിവസം കടലിന്റെ അടിത്തട്ടിലെ നടത്തിയ സർവേയിൽ പത്തിടങ്ങളിൽ കോറലുകൾ ആരോഗ്യകരമായി വളരുന്നതായി കണ്ടെത്താനായി. ഇവിടെ പുതിയ കോറലുകൾ വച്ചുപിടിപ്പിച്ച് കോറൽ ഗാർഡനായി വികസിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്ന് എഫ്.എം.എൽ സ്ഥാപകനും ചീഫ് കോഓർഡിനേറ്ററുമായ റോബർട്ട് പനീപിള്ള ആവശ്യപ്പെട്ടു. സർവേയിൽ റോബർട്ട് പനിപിള്ളയും ആൽവിനും പങ്കെടുത്തു. കോവളത്തെ മൂക്കം കോടിമുനയോട് ചേർന്ന് വർഷങ്ങൾക്കു മുൻപ് ധാരാളം കടൽച്ചേനകൾ വളർന്നിരുന്നു. ഇവ കടൽപ്പായലുകൾ,ആൽഗകൾ,പ്ലവകങ്ങൾ എന്നിവയൊക്കെ ഭക്ഷിക്കുമായിരുന്നു. മനുഷ്യർ ഭക്ഷണത്തിനായി ഉപയോഗിച്ച് തുടങ്ങിയതോടെ കടൽച്ചേനകളുടെ എണ്ണം കുറഞ്ഞു.ഇതോടെയാണ് പായലുകളുടെ ശല്യം വർദ്ധിച്ചത്. ഈ പായലുകൾ പവിഴജീവികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന് റോബർട്ട് പനിപ്പിള്ള പറഞ്ഞു.