വെളിച്ചമില്ലാതെ എ.സി റോഡ്, രാത്രിയാത്ര വെല്ലുവിളി

Friday 30 January 2026 11:48 PM IST

ആലപ്പുഴ : റോഡും പാലങ്ങളും ഉയർത്തിയെങ്കിലും വഴിവിളക്ക് സ്ഥാപിക്കാത്തത് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സന്ധ്യകഴിഞ്ഞാൽ റോഡ് കൂരിരുട്ടിലാകും. റോഡിന് സമീപത്തെ കച്ചവടസ്ഥാപനങ്ങളിലെയും വീടുകളിലെയും വെളിച്ചം മാത്രമാണ് ഏക ആശ്വാസം.

വെളിച്ചമില്ലാതായതോടെ എ.സി റോഡിൽ അപകടങ്ങളും വർദ്ധിച്ചു. ടൈറ്റാനിക് പാലം, രാമങ്കരി പഞ്ചായത്ത് പാലം, മാമ്പുഴക്കരി, കിടങ്ങറ. പൂവം തുടങ്ങിയ സ്ഥലങ്ങളിലാണ് വെളിച്ചമില്ലാത്തത് ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നത്. രാത്രിസമയങ്ങളിൽ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾ വർദ്ധിക്കാനിടയാക്കും. എ.സി റോഡിൽ നിർമ്മാണം പൂർത്തിയായ പ്രദേശങ്ങളിലെങ്കിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്

ജംഗ്ഷനുകൾ വിജനം

 വെളിച്ചമില്ലാത്തതിനാൽ എ.സി റോഡിലെ വിവിധ ജംഗ്ഷനുകൾ രാത്രികാലങ്ങളിൽ വിജനമാണ്

 ആലപ്പുഴയിൽ നിന്ന് 9.10ന് പുറപ്പെടുന്ന അവസാന ബസും കടന്നുപോയാൽ പിന്നെ ഇതുവഴി പൊതുഗതാഗതമില്ല

 രാത്രിയിൽ ഓട്ടം കുറഞ്ഞതോടെ 9 മണിക്ക് മുമ്പായി ഓട്ടോറിക്ഷക്കാരും സ്റ്റാൻഡ് വിട്ടുപോകും

 രാത്രികാലങ്ങളിൽ റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്

രാത്രിയിൽ എ.സി റോഡിലൂടെയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ്. വെളിച്ചക്കുറവ് വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. വഴി വിളക്കുകൾ സ്ഥാപിച്ച് യാത്ര സുഗമമാക്കണം

-അരവിന്ദ്, യാത്രക്കാരൻ