ഇഴജന്തുക്കൾക്ക് പാർക്കാൻ സർക്കാർ കെട്ടിടം

Saturday 31 January 2026 12:54 AM IST

കോവളം: 50 വർഷങ്ങൾക്കു മുമ്പ് മൃഗസംരക്ഷണ പദ്ധതിക്കായി സ്വകാര്യവ്യക്തി സർക്കാരിന് കൈമാറിയ ഭൂമിയും കെട്ടിടവും കാടുകയറി നശിക്കുന്നു. കോട്ടുകാൽ പയറ്റുവിള ഗോവിന്ദവിലാസം റോഡിൽ മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള 25സെന്റ് വരുന്ന ഭൂമിയും പഴയകാല കെട്ടിടവുമാണ് കാടുമൂടിക്കിടക്കുന്നത്. കെട്ടിടത്തിന് ചുറ്റും കാടുപിടിച്ചതോടെ ഇഴ‌ജന്തുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമായി. അടച്ചുപൂട്ടിക്കിടന്ന പഴയ കെട്ടിടം പൊളിച്ച് എം.പി, എം.എൽ.എ ഫണ്ട് വിനിയോഗിച്ച് 2017ൽ കോട്ടുകാൽ പഞ്ചായത്ത് മുൻകൈയെടുത്ത് ഒരു കുടക്കീഴിൽ വെറ്ററിനറി- ആയുർവദ ഡിസ്പൻസറി എന്നിവ നിർമ്മിക്കുന്നതിലേക്ക് 55ലക്ഷം രൂപ എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി മൃഗസംരക്ഷണ വകുപ്പിന് നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ കാലപ്പഴക്കം കാരണം കെട്ടിടം തകർന്ന് വീഴുകയും ആരും തിരിഞ്ഞു നോക്കാതെയുമായി. കാടുകയറിയ ഭൂമിയിലെ തകർന്ന കെട്ടിടത്തിൽ ഇഴജന്തുക്കൾ താവളമാക്കിയതോടെ പ്രദേശവാസികൾ ഇപ്പോൾ ഭീതിയിലാണ്.

 ചരിത്രം ഇങ്ങനെ..

1970ൽ പ്രദേശത്തെ ഭൂപ്രമാണിയും കോട്ടുകാൽ പഞ്ചായത്തിൽ ജനപ്രതിനിധിയുമായിരുന്ന പരേതനായ പയറ്റുവിള ഗോവിന്ദപിള്ളയാണ് ഭൂമി അതിയന്നൂർ ബ്ലോക്കിന് കൈമാറിയത്. കോട്ടുകാൽ,ചപ്പാത്ത്, മന്നോട്ടുകോണം തുടങ്ങി 20ഓളം പ്രദേശങ്ങളിലെ കൃഷിക്കാർക്ക് സബ്സിഡി നിരക്കിൽ മുട്ടക്കോഴി,കോഴി ഇറച്ചി, മുട്ട,ജൈവ വളങ്ങൾ എന്നിവ ലഭ്യമാക്കാനാണ് ഭൂമി കൈമാറിയത്. ഭൂമി സർക്കാർ ഏറ്റെടുത്തതോടെ പദ്ധതിക്കായി ഓടുമേഞ്ഞ കെട്ടിടവും പണിതു.7 വർഷത്തോളം പദ്ധതിപ്രകാരം കോഴിഫാം പ്രവർത്തിച്ചു. തുടർന്ന് ബ്ലോക്കിന്റെ കൈവശമുണ്ടായ ഭൂമി മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു.

 ഫാം പ്രവർത്തനം താളംതെറ്റി കോഴിക്കൂടുകളും മറ്റു പദ്ധതികളും കൃഷിക്കാർക്കായി കൊണ്ടുവരികയും വലിയ വാഹനങ്ങൾ ഫാം സെന്ററിലേക്കെത്താൻ പയറ്റുവിള -മരുതൂർക്കോണം റോഡ് വീതികൂട്ടുകയും സെന്ററിനു മുന്നിലൂടെ പുതിയൊരു റോഡ് വെട്ടുകയും ചെയ്തു. കാലക്രമണേ പല സർക്കാരുകൾ മാറി വന്നത് ഫാംസെന്ററിന്റെ പ്രവർത്തനം താളം തെറ്റിച്ചു. കോഴികളെ പരിപാലിക്കാനുള്ള ജീവനക്കാരുടെ അഭാവം കാരണം ഫാം അടച്ചുപൂട്ടലിന്റെ വക്കിലെത്തി.