കേന്ദ്ര ബഡ്ജറ്ര് നാളെ. ഊന്നൽ ശാസ്ത്ര - സാങ്കേതികമാകട്ടെ

Saturday 31 January 2026 12:46 AM IST

പഞ്ചവത്സര പദ്ധതികൾ മാഞ്ഞുപോയതോടെ ബഡ്ജറ്റുകൾക്ക് പതിവ് കർമ്മങ്ങൾക്കു പുറമെ, ദേശ പുരോഗതിക്കായുള്ള മുൻഗണനാ ക്രമങ്ങളും, വികസന തന്ത്രങ്ങളും മെനയുകയെന്ന ഉത്തരവാദിത്വം കൂടി വന്നുചേർന്നു. സർവതല സ്പർശിയാണ് ബഡ്ജറ്റെങ്കിലും, അതിൽ ഊന്നൽ നൽകുന്ന രംഗങ്ങളുണ്ടാകും. അവയുടെ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാകും. ഇക്കാര്യത്തിൽ വഴികാട്ടിയാകാവുന്ന പ്രമാണങ്ങൾ കണ്ടെത്തിയതിനാണ്, 2025 ലെ സാമ്പത്തിക നോബൽ പുരസ്കാരങ്ങൾ ജോൽ മൊക്കർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവിറ്റ് എന്നിവരെ തേടിയെത്തിയത്. പ്രയോജനകരമായ വിജ്ഞാനം പരിപാകപ്പെടുത്തുകയും വികസിപ്പിക്കുകയും പ്രയോഗത്തിൽ എത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് സമൂഹം സമ്പന്നമാകുന്നതെന്നാണ് അവർ കണ്ടെത്തിയ അടിസ്ഥാനതത്വം.

നവംനവങ്ങളായ അറിവുകളുടെ പ്രവൃത്തിപഥം സമ്പുഷ്ടമാകുന്നത് സംരംഭങ്ങളുടെ മത്സരം, പുറന്തള്ളൽ, പുനരുജ്ജീവനം എന്നിവകളിലൂടെയാണെന്നും അവർ നിരീക്ഷിക്കുന്നു. ബഡ്ജറ്റ് രൂപീകരണത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, നായകസ്ഥാനത്ത് നിറുത്തേണ്ടത് ശാസ്ത്ര- സാങ്കേതിക രംഗങ്ങളെയാണെന്നും, അവയുടെ പുഷ്ടിപ്പെടലിനുള്ള സാഹചര്യമൊരുക്കലാണ് പ്രധാന ദൗത്യമെന്നുമാണ് അവർ നൽകുന്ന സാരോപദേശം. തുടർച്ചയായുള്ള, തന്റെ എട്ടാമത്തെ പൂർണ ബഡ്ജറ്റുമായി വരുന്ന നിർമ്മല സീതാരാമനും ഈ വഴിക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ.

ഇലക്ട്രോണിക്‌സും വിവരസാങ്കേതിക വിദ്യയും ചേർന്നൊരുക്കിയ മൂന്നാം വ്യവസായ വിപ്ലവത്തിന്റെ ചിറകിലേറിയാണ് വർത്തമാനകാലത്തെ നാലാം വ്യവസായ വിപ്ലവം മുന്നേറുന്നത്. നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ ഫാബ്രിക്കേഷൻ, തെറാപ്യൂട്ടിക്സ്, സിന്തറ്റിക് ബയോളജി തുടങ്ങിയ മാന്ത്രിക സങ്കേതങ്ങളും അവയുടെ സംഗമങ്ങളും ചേർന്ന് ശരവേഗത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്നത് പുതിയൊരു ലോകമാണ്. ശാസ്ത്ര- സാങ്കേതിക ലോകത്തെ മുൻനിരയിൽ എത്താൻ വേണ്ട ഒട്ടേറെ ഘടകങ്ങൾ ഇന്ത്യയ്ക്കുണ്ട്.

അനുകൂല

സാഹചര്യം

ലോകത്തെ ഏറ്റവും വലിയ പ്രതിഭാ സംഭരണികളിൽ ഒന്നാണ് നമ്മുടെ നാട്. ഏകദേശം 1300 സർവകലാശാലകളും 52,000 കലാലയങ്ങളും, 4.33 കോടി വിദ്യാർത്ഥികളുമുള്ള വമ്പൻ ഉന്നത വിദ്യാഭ്യാസ മേഖലയുള്ള രാജ്യമാണ് ഇന്ത്യ. പഠിതാക്കളിൽ 34 ശതമാനവും ശാസ്ത്രം, ടെക്നോളജി, എൻജിനീയറിംഗ്, ഗണിതശാസ്ത്രം (STEM) വിഭാഗത്തിൽപ്പെട്ടവരാണ്. ഒരു വർഷം 15 ലക്ഷം എൻജിനീയർമാരെ നിർമ്മിക്കുന്ന നാടാണിത്. ക്യൂ എക്സ് നൈപുണ്യ സൂചികയിൽ ലോകത്തെ രണ്ടാം ശക്തിയാണ് ഇന്ത്യ.

സ്റ്റാൻഫോർഡ് സർവകലാശാലയുടെ വിലയിരുത്തൽ പ്രകാരം ലോകത്തെ നിർമ്മിത ബുദ്ധി (എ.ഐ) പ്രതിഭകളുടെ 16 ശതമാനവും ഇന്ത്യയിലാണ്. 2027-ൽ ഇത്തരം പ്രൊഫഷണലുകളുടെ എണ്ണം 10 ലക്ഷം കവിയും. സെമികണ്ടക്ടർ ഡിസൈൻ രംഗത്തെ ലോക തൊഴിൽ ശക്തിയുടെ 20 ശതമാനവും ഇന്ത്യയിലാണ്. ആഗോള ഭീമൻ ടെക് കമ്പനികൾ അവരുടെ എ.ഐ യുടെയും, ഡേറ്റാ സെന്ററുകളുടെയും വമ്പൻ സൗധങ്ങൾ പടുത്തുയർത്താനുള്ള കേന്ദ്രമായി ഇന്ത്യയെ തിരഞ്ഞെടുത്തതിന് പ്രധാന കാരണം,​ നമ്മുടെ കൂറ്റൻ പ്രതിഭാകൂമ്പാരം തന്നെയാണ് എന്നതാണ്.

ഉദിച്ചുയർന്നു വരുന്ന മേഖലകൾക്കു വേണ്ട മറ്റു വിഭവങ്ങളിലും സമൃദ്ധിയുള്ള നാടാണ് ഇന്ത്യ. ഉദാഹരണമായി ഇലക്ട്രിക് വാഹനങ്ങൾ, സെമി കണ്ടക്ടർ (ചിപ്പുകൾ), ഇലക്ട്രോണിക്സ് , പുനരുപയോഗ ഊർജ്ജം, ബഹിരാകാശം തുടങ്ങിയ മേഖലകളുടെ അമൂല്യ വിഭവമായ അപൂർവ മൂലകങ്ങളുടെ വലിയ ശേഖരം നമുക്കുണ്ട്.

പരിഹാര

ക്രിയകൾ

ശാസ്ത്ര- സാങ്കേതിക രംഗത്തെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാകാൻ വേണ്ടുന്ന പടക്കോപ്പും ഭടന്മാരുമുണ്ടെങ്കിലും, മുൻനിരസ്ഥാനം എത്തിപ്പിടിക്കാൻ തടസം നിൽക്കുന്ന യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ്, അവ ഒഴിവാക്കാൻ വേണ്ട നീക്കങ്ങളുണ്ടാകണം. പുത്തൻ മേഖലകൾക്ക് വളരാൻ വേണ്ട ഒട്ടേറെ സജ്ജീകരണങ്ങൾ ഇനിയും ഒരുക്കേണ്ടതായുണ്ട്. ഉദാഹരണമായി,​ നമുക്ക് 69 ലക്ഷം ടണ്ണിന്റെ അപൂർവ മൂലകങ്ങളുടെ നിക്ഷേപമുണ്ടെങ്കിലും, 2024- ലെ ഉത്പാദനം 2900 ടൺ മാത്രമായിരുന്നു. ഈ സന്ദർഭത്തിൽ 19 ലക്ഷം ടണ്ണിന്റെ മോണോസൈറ്റ് നിക്ഷേപമുള്ള കേരളം നൽകിയ നിർദ്ദേശം ശ്രദ്ധേയമാകുന്നു. തീരമേഖലയിലെ ധാതു സമ്പത്ത് പരിഗണിച്ച് ചവറയേയും കൊച്ചിയേയും ബന്ധപ്പെടുത്തി പെർമനന്റ് മാഗ്നെറ്റുകളുടെ ഉത്പാദനത്തിനായി ഒരു അപൂർവ ധാതു ഇടനാഴിക്ക് രൂപം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.

വിദേശത്തെയും സ്വദേശത്തെയും കമ്പനികൾ ഡാറ്റാ സെന്ററുകളും എ.ഐ സംരംഭങ്ങളും പടുത്തുയർത്തുമ്പോൾ അവ പ്രവർത്തിക്കുന്നതിന് മുടക്കം കൂടാതെയുള്ള, വൈദ്യുതിയും ജലവും വൻതോതിൽ നൽകേണ്ടിവരും. ഫൈബർ ഓപ്റ്റിക് കണക്ടിവിറ്റി, കടലിനടിയിലൂടെയുള്ള ആഗോള നെറ്റ്‌വർക്ക് കണ്ണികളും സജ്ജമാക്കേണ്ടതുണ്ട്. സർക്കാരിന്റെ വ്യത്യസ്ത വകുപ്പുകളുടെ ഏകോപനം ഇക്കാര്യങ്ങളിൽ നിർണായകമാകും.

സ്വകാര്യ കമ്പനികളെയും സർവകലാശാലകളെയും ഗവേഷണ- വികസന കേന്ദ്രങ്ങളാക്കാൻ വേണ്ട നടപടികൾക്കൊപ്പം അവ തമ്മിലുള്ള സഹപ്രവർത്തനം സാദ്ധ്യമാക്കാൻ നികുതി ഇളവ് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങളും നൽകേണ്ടതുണ്ട്. ചെറിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ഇപ്പോഴത്തെ പേറ്റന്റ് നിയമങ്ങളും മാറ്റിയെഴുതേണ്ടതുണ്ട്. ചുരുക്കത്തിൽ, ഇന്ത്യയെ ശാസ്ത്ര- സാങ്കേതിക രംഗത്തെ വൻശക്തിയായി ഉയർത്താൻ ഊന്നൽ നൽകുന്ന ബഡ്ജറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കാം.