ആർ.എസ്.എസിനെ നിരോധിക്കണം, അല്ലെങ്കിൽ അവർ രാജ്യത്തെ വിഭജിക്കും: അകാൽ തക്ത്

Tuesday 15 October 2019 11:58 PM IST

ചണ്ഡീഗഢ്: ആർ.എസ്.എസ് എന്ന സംഘടനയെ നിരോധിക്കണമെന്ന് സിഖ് ഉന്നതസമിതി അകാൽ തക്ത് ആവശ്യപ്പെട്ടു. അവരെ സ്വതന്ത്ര്യമായി വിഹരിക്കാൻ വിട്ടാൽ രാജ്യത്തെ വിഭജിക്കുമെന്ന് അകാൽ തക്ത് വ്യക്തമാക്കി. ‘അതെ, ആർ.എസ്.എസിനെ നിർബന്ധമായും നിരോധിക്കണം. ആർ.എസ്.എസ് രാജ്യത്തെ ഭിന്നിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്. ആർ.എസ്.എസ് നേതാക്കളുടെ പ്രസ്താവനകളൊന്നും രാജ്യതാൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും അകാൽ തക്ത് മേധാവി ഗിയാനി ഹർപ്രീത് സിംഗ് പറഞ്ഞു.

ആർ.എസ്.എസിനെതിരെ നേരത്തെയും സിഖ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സിഖ് വിഭാഗത്തിൽപ്പെട്ട് ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി പ്രസിഡണ്ട് ഗോബിന്ദ് ലോംഗോവാളും ആർ.എസ്.എസിനെതിരെ രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമെന്ന് വിശേഷിപ്പിച്ചതിനെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു.