കർഷകരെ 'തീ " തീറ്റിച്ച് കാലിത്തീറ്റ വിലവർദ്ധന
കോട്ടയം : ചെലവും വരവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധന. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനിയും വീണ്ടും കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുകയാണ്. 25 രൂപയാണ് വർദ്ധന. ഇതിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ക്ഷീരകർഷകർ. സർവീസ് സഹകരണ സംഘത്തിൽ നിന്ന് ലഭിക്കുന്ന കേരള ഫീഡ്‌സിന് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. കെ.എസ് കാലിത്തീറ്റയ്ക്ക് ഒരു ചാക്ക് 1440 രൂപയായി വർദ്ധിച്ചു. കേരള ഫീഡ്‌സ് വില 1455 രൂപയാണ്. പിണ്ണാക്കിനും വൈക്കോലിനും അടക്കം വില ഉയർന്നതോടെ ഉത്പാദനച്ചെലവ് ഉയർന്നെന്ന് ക്ഷീരകർഷകർ പറയുന്നു. കടുത്ത വേനലിൽ പാലുത്പാദനവും കുറഞ്ഞു. കനത്ത വേനലിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണ്. തരിശുപാടങ്ങളിൽ അടിക്കടിയുണ്ടാവുന്ന തീപിടിത്തവും വില്ലനായി. പുരയിടങ്ങളിൽ നിന്നും വൻകിട റബർ തോട്ടങ്ങളുടെ പരിസരങ്ങളിൽ നിന്നുമാണ് കർഷകർ തീറ്റപ്പുല്ല് ശേഖരിച്ചിരുന്നത്. കൂടുതൽ ശേഖരിച്ചുവച്ചാൽ ഉണങ്ങിപ്പോകും.
നാടൻ കച്ചിയും കിട്ടാക്കനി പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളർത്തുന്ന ചെറുകിട കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പാടശേഖരങ്ങളിൽ ഭൂരിഭാഗങ്ങളിലും നെൽകൃഷി ചെയ്തതിനാൽ പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. പിന്നെ ആശ്രയം കച്ചിയാണ്. അതും കിട്ടാനില്ല. തമിഴ്‌നാട്ടിൽ നിന്നാണ് കച്ചി ഇറക്കുമതി ചെയ്യുന്നത്. ഒരു തിരി കച്ചിയ്ക്ക് 30 രൂപയാണ് വില. വേനൽക്കാലത്ത് പശുക്കൾക്ക് കൈതപ്പോള തീറ്റയായി നൽകാറുണ്ട്. മുൻപ് സൗജന്യമായി നൽകിയിരുന്നത് വില കൊടുത്തു വാങ്ങണം. ഒരു കിലോയ്ക്ക് 2, 4 രൂപ മുതലാണ് വില.
എങ്ങനെ മുന്നോട്ടുപോകും
ദിവസവും ഇരുപത് കിലോ പച്ചപ്പുല്ലെങ്കിലും പശുകൾക്ക് ലഭിക്കണം
ജലദൗർലഭ്യം കാരണം പശുക്കളെ കുളിപ്പിക്കാനും കഴിയാത്ത സ്ഥിതി
അകിട് വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയരുന്നു
ഉത്പാദനം കുറഞ്ഞതും പാലിന് വില വർദ്ധിക്കാത്തതും തിരിച്ചടിയായി
''പുലർച്ചെ മുതൽ രാത്രി വരെ ഒരാളുടെ അദ്ധ്വാനമാണ് കന്നുകാലി വളർത്തൽ. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ് മൂലം കൂടുതൽ പാൽ കിട്ടാൻ കാലിത്തീറ്റ കൊടുക്കണം. പാൽവില കൂട്ടിയാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.
-(സജി പാമ്പാടി ക്ഷീരകർഷകൻ)