മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി, സുനേത്ര പവാർ അധികാരമേറ്റു
മുംബയ് : മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. അജിത് പവാറിന്റെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നാലെയാണ് സുനേത്ര പവാർ ഉപമുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. നിലവിൽ രാജ്യസഭാ എം.പിയാണ്. ഇന്ന് ചേർന്ന എൻ.സി.പിയുടെ നിയമസഭാ കക്ഷിയോഗമാണ് സുനേത്രയെ കക്ഷിനേതാവായി തിരഞ്ഞെടുത്തത്. മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സുനേത്രയുടെ പേര് നിർദ്ദേശിച്ചു. മറ്റ് നേതാക്കൾ പിന്താങ്ങുകയും സുനേത്രയെ തിരഞ്ഞെടുക്കുകയുമായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതോടെ രാജ്യസഭാ അംഗത്വം സുനേത്ര പവാർ രാജിവയ്ക്കും. ബാരാമതി നിയമസഭാ സീറ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്ര മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ എം.പി സ്ഥാനത്തേക്ക് അജിത് പവാറിന്റെ മകൻ പാർത്ഥ് പവാറിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ എൻ.സി.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളും പുറത്തുവന്നു. സുനേത്ര പവാറിനെ ദേശീയ പ്രസിഡന്റാക്കണമെന്നും പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.