കേന്ദ്ര ബഡ്ജറ്റിൽ കണ്ണുംനട്ട്...... ആവശ്യങ്ങളുടെ പതിവ് ട്രാക്കിൽ കോട്ടയം
കോട്ടയം : റബർ മുതൽ ശബരി റെയിൽവരെ പതിവ് ആവശ്യങ്ങളുടെ ട്രാക്കിലാണ് ജില്ല. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബഡ്ജറ്റിൽ എന്താണുണ്ടാവുകയെന്നാണ് ഉറ്റുനോക്കുന്നത്. കേന്ദ്ര ബഡ്ജറ്റിൽ ഇതുവരെ കാര്യമായൊന്നും കിട്ടാത്തതിനാൽ ഇക്കുറി അമിത പ്രതീക്ഷയാണ്. സംസ്ഥാന ബഡ്ജറ്റിൽ റബറിനെ കുറിച്ച് പരാമർശം ഇല്ലാത്തതിനാൽ കേന്ദ്രം റബർ മേഖലയോട് അനുകൂല നിലപാട് സ്വീകരിക്കുമോ എന്നാണറിയേണ്ടത്. വില സ്ഥിരതാ ഫണ്ടിലേക്ക് കൂടുതൽ സംഭാവന നൽകി കർഷകരെ കേന്ദ്രത്തിന് ഒപ്പം നിറുത്താൻ കഴിയുന്ന സമയമാണിത്. ആവർത്തന കൃഷി,മഴക്കാല സംരക്ഷണം എന്നിവയ്ക്കായി പ്രത്യേക നിർദ്ദേശങ്ങൾ എന്തെങ്കിലും ബഡ്ജറ്റിൽ ഉണ്ടാകുമോയെന്നും കാത്തിരിക്കുന്നു. പതിവുപോലെ റബർ ബോർഡിനുള്ള വിഹിതത്തിൽ മാത്രം റബർ മേഖലയെ ഒതുക്കരുതെന്നും കർഷകർക്ക് അപേക്ഷയുണ്ട്.
ശബരി റെയിൽ
രണ്ടു പതിറ്റാണ്ടിലേറെയായി ചർച്ച ചെയ്യപ്പെടുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാകാൻ ഉപകരിക്കുന്ന വ്യക്തമായ ബഡ്ജറ്റ് പരാമർശം ഉണ്ടാകണം. തിരഞ്ഞെടുപ്പ് കൂടി അടുത്ത പശ്ചാത്തലത്തിൽ വോട്ട് ആകർഷിക്കാനുള്ള നല്ല മാർഗമാണ് ശബരി പാത എന്ന് വിശ്വസിക്കുന്ന ബി.ജെ.പി നേതാക്കളുമുണ്ട്. ഇതിനൊപ്പം കോട്ടയത്തുനിന്ന് പുതിയ ട്രെയിനുകൾ, കോട്ടയം സ്റ്റേഷന്റെ പുതിയ വികസന പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷകളാണ്.
വിമാനത്താവളം
ശബരി വിമാനത്താവളത്തെക്കുറിച്ച് പരാമർശം ഉണ്ടാകുമോ എന്നതും ഇന്ന് അറിയാം. കോടതി ഇടപെടലിൽ ഭൂമിയേറ്റെടുക്കലടക്കം പ്രതിസന്ധിയിലായതിനാൽ കേന്ദ്രത്തിന്റെ ബഡ്ജറ്റ് നിർദേശത്തിൽ ആകാംക്ഷയുണ്ട്.
ടൂറിസം
വിനോദസഞ്ചാര ,തീർത്ഥാടക മേഖലകൾ ഉൾപ്പെടുന്ന വിനോദസഞ്ചാര സർക്യൂട്ട് ഏറെക്കാലമായുള്ള ജില്ലയുടെ ആവശ്യമാണ്. മുൻപ് അൽഫോൺസ് കണ്ണന്താനം മന്ത്രി ആയിരിക്കെ പ്രഖ്യാപിച്ചതും പിന്നീട് നടപ്പാക്കാതെ പോയതുമായ വിനോദസഞ്ചാര ടൂറിസം സംബന്ധിച്ച് ബഡ്ജറ്റിൽ പരാമർശം ഉണ്ടാകും എന്നാണ് പ്രതീക്ഷ. കുമരകം,വാഗമൺ തുടങ്ങിയ പതിവ് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനവും പുതിയ കേന്ദ്രങ്ങളുടെ വളർച്ചയും പദ്ധതിയിലൂടെ ഉണ്ടാകും.
''ആരാധനാലയങ്ങൾ കൂടി വിനോദസഞ്ചാര സർക്യൂട്ട് പദ്ധതിയുമായി കോർത്തിണക്കിയാൽ വൻനേട്ടമുണ്ടാകും.
-ടൂർ ഓപ്പറേറ്റർമാർ