അതിരുകളില്ലാതെ ഒൺലൈൻ തട്ടിപ്പ്
തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ പണം തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. പൊലീസടക്കമുള്ള വിവിധ ഔദ്യോഗിക സംവിധാനങ്ങളുടെ ഇടപെടലുകൾ സജീവമായതോടെ ഇടക്കാലത്ത് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ നിരീക്ഷണവും നിയന്ത്രണങ്ങളും അയഞ്ഞതോടെ വീണ്ടും സൈബർ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുകയാണ്. തട്ടിപ്പുകാർ കൂടുതലായും ആശ്രയിക്കുന്നത് വാട്ട്സ്ആപ്പ് കോളുകളും മെസേജുകളുമാണ്. സർക്കാർ വകുപ്പുകളുടെ ഫീസും പിഴയും തുടങ്ങി ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറുമടക്കം ചോദിച്ചുള്ള മെസേജുകളും ലിങ്കുകളുമാണ് പലർക്കും ലഭിക്കുന്നത്. കഴിഞ്ഞ തൊടുപുഴ സ്വദേശിയ്ക്ക് വന്ന മെസേജ് ആർ.ടി.ഒ ചെല്ലാൻ എന്ന പേരിലാണ്. ഗതാഗത നിയമം ലംഘിച്ചതിന് 500 രൂപ പിഴയിട്ടതായും ഇത് അടയ്ക്കാനുള്ള ലിങ്കും ഒപ്പമുണ്ടായി. ലിങ്ക് ഓപ്പണാക്കിയതോടെ ഇവരുടെ അക്കൗണ്ട് അടക്കം മുഴുവൻ വിവരങ്ങളും നിമിഷങ്ങൾക്കകം ഹാക്ക് ചെയ്തു. ഇതോടൊപ്പം വ്യാജ ഫോൺ കോളുകൾ വഴിയും തട്ടിപ്പുകൾ നടത്തുന്നുണ്ട്. നെറ്റ് കോളുകളോ അന്താരാഷ്ട്ര നമ്പറുകളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. പുറം രാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുളള തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നതെന്നതിനാൽ ഇടപെടാൻ പൊലീസിനും പരിമിതിയുണ്ട്.
പരാതി വേഗത്തിൽ വേണം
തട്ടിപ്പിനിരയായാൽ വിവരം എത്രയും വേഗത്തിൽ 1930 എന്ന നമ്പറിലൂടെ സൈബർ പൊലീസിൽ അറിയിക്കണം. നേരത്തേ വിവരം ലഭിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാകും. ഇതോടൊപ്പം പൊലീസിന് പ്രതികളെ പിടികൂടാനും വലിയ തട്ടിപ്പുകളുടെ ചുരുളഴിക്കാനും ഇത് സഹായകമാകും. തട്ടിപ്പ് നടന്ന ശേഷമുള്ള 24 മണിക്കൂർ നിർണായകമാണ്. സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വഴി നഷ്ടമായ പണത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഇത് വരെ വീണ്ടെടുക്കാനായത്. തട്ടിപ്പിനിരയായവർ വിവരം അറിയിക്കുന്നതിൽ വന്ന കാലതാമസമാണ് ഇതിന് കാരണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ഫോൺ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാതിരിക്കുക
അജ്ഞാതരുടെ കോളുകൾക്കും മെസേജുകൾക്കും പ്രതികരിക്കാതിരിക്കുക അവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
അവർ പറയുന്ന അക്കൗണ്ടിലേക്ക് പണം അയക്കരുത് സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും ഫോണും സൂക്ഷിച്ച് ഉപയോഗിക്കുക
ബാങ്കുകളുടേയോ മറ്റ് കോളുകൾക്ക് ഒ.ടി.പി പങ്കുവയ്ക്കാതിരിക്കുക