കണ്ണീരായി കിളിമാനൂരിലെ ജലസ്രോതസുകൾ
കിളിമാനൂർ: ഒരുകാലത്ത് നാടിന്റെ ജീവനാഡികളായിരുന്ന കുളങ്ങൾ ഇന്ന് അവഗണനയിൽ. രാജഭരണക്കാലത്തും, ജനാധിപത്യഭരണം വന്നപ്പോഴും ഒരു ജനതയ്ക്ക് കുടിവെള്ളത്തിനും കൃഷിക്കുമൊക്കെയായി, ജലം നൽകിയ നിരവധി കുളങ്ങളാണ് ഇന്ന് നാശത്തിന്റെ വക്കിലായിരിക്കുന്നത്. മുൻ വർഷങ്ങളിൽ വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോൾത്തന്നെ നാശോന്മുഖമായ ഈ പൊതുകുളങ്ങൾ ശുചിയാക്കിയെടുത്തിരുന്നെങ്കിൽ ഇന്ന് ഉപയോഗിക്കാമായിരുന്നു. ഇപ്പോഴെങ്കിലും വൃത്തിയാക്കിയാൽ വരും തലമുറയെങ്കിലും ഉപയോഗിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. കാടുമൂടിയും മാലിന്യം നിറഞ്ഞും നാശത്തിലായ കുളങ്ങൾ കണ്ടെത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിർമ്മിക്കാൻ ആവേശം, പരിപാലിക്കാനില്ല
ഭൂരിഭാഗം കുളങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചവയാണ്.എന്നാൽ നിർമ്മിക്കാനുള്ള ആവേശം പരിപാലിക്കുന്നതിൽ കാണിക്കുന്നില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജല അതോറിട്ടിയുടെ ശുദ്ധജല വിതരണത്തിനായി ആഴ്ചകളോളം കാത്തിരിക്കുന്നവർ നിരവധിയാണ്.
നിലവിലെ അവസ്ഥ
കൃഷിയാവശ്യത്തിന് വയലുകൾക്ക് സമീപവും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പൊതുകുളങ്ങൾ ഇന്ന് മാലിന്യമിട്ടും, കരിങ്കൽക്കെട്ട് തകർന്നും ഉപയോഗശൂന്യമാണ്. മിക്കവയും കാടുമൂടിയും ഉള്ളിൽ കുറ്റിച്ചെടികളടക്കം വളർന്നും നിൽക്കുകയാണ്. ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതിനാണ് പൊതു കുളങ്ങൾ ഉപയോഗിക്കുന്നത്.
നാശത്തിൽ
ചൂട്ടയിൽ കുളം
അയ്യപ്പൻകാവ് കുളം
നിരാളിക്കുളം
വെണ്ണിച്ചിറക്കുളം
നാട്ടുകാരുടെ ആവശ്യം
മുഴുവൻ ജലസമൃദ്ധമായ കുളങ്ങളും കണ്ടെത്തണം
തേകിയും വൃത്തിയാക്കിയും വക്കുകെട്ടിയും സംരക്ഷിക്കണം
കുടിക്കാൻ കഴിയില്ലെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം.