ലക്ഷ്യം സമഗ്രവികസനം , കേന്ദ്ര ബഡ്‌ജറ്റ് ഇന്ന്

Sunday 01 February 2026 12:58 AM IST

ന്യൂഡൽഹി: 2047ൽ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ബ്ലൂപ്രിന്റെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്ര ബഡ്‌ജറ്ര് ഇന്ന്. തുടർച്ചയായി 9-ാം തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 1999നുശേഷം ബഡ്‌ജറ്റ് അവതരണം ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 11ന് ആരംഭിക്കും.

തദ്ദേശീയ വളർച്ച ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ഉത്പാദന- സേവന മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളുമുണ്ടാകും. അടിസ്ഥാന സൗകര്യവികസനം,​ പ്രതിരോധം,​ ചെറുകിട വ്യവസായങ്ങൾ,​ ഇലക്ട്രിക് വാഹന നിർമ്മാണമേഖല,​ ഹരിതോർജ്ജം തുടങ്ങിയവയ്‌ക്ക് പ്രാമുഖ്യം നൽകും.​ ജി.എസ്.ടി നടപടികൾ ലളിതമാക്കൽ,​ ഇ-കൊമേഴ്സ് വളർച്ചയ്‌ക്കുള്ള പദ്ധതികൾ എന്നിവ വ്യവസായമേഖല ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിക്കും. മദ്ധ്യവർഗത്തെ ലക്ഷ്യമിട്ട് കൂടുതൽ ജനപ്രിയ പദ്ധതികളുമുണ്ടാകും.

കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംസ്ഥാനങ്ങൾ വലിയ പ്രതീക്ഷയിലാണ്. കേരളത്തിന് അതിവേഗ റെയിൽപ്പാത, അധികഫണ്ട്, എയിംസ് എന്നിവ സുപ്രധാനം.

പ്രതിസന്ധി മറികടക്കാൻ

യു.എസിന്റെ അധികതീരുവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ വെല്ലുവിളികളെ നേരിടാൻ തക്ക പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലുണ്ടാകും. ടെക്‌സ്റ്റൈൽസ്,​ ലെതർ,​ കളിപ്പാട്ടം തുടങ്ങിയ മേഖലകളെ പിന്തുണയ്‌ക്കുന്ന നടപടികളുണ്ടാകും. എ.ഐ,​ ഡിജിറ്റൽ വികസനത്തിന് പ്രാമുഖ്യം നൽകും. എ.ഐ നൈപുണ്യ വികസനത്തിനടക്കം ചുമത്തുന്ന 18% ജി.എസ്.ടി ഒഴിവാക്കിയേക്കുമെന്നാണ് സൂചന.